വെള്ളിത്തിരയിൽ നിന്ന് ഉപമുഖ്യമന്ത്രി പദത്തിലേക്ക്; ഉദയനിധിയുടെ ഉദയം
text_fieldsചെന്നൈ: തമിഴ്നാടിന്‍റെ ഉപമുഖ്യമന്ത്രി പദം അലങ്കരിക്കാനൊരുങ്ങുകയാണ് മന്ത്രിയും, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിൻ. കായിക, യുവജനകാര്യ മന്ത്രിയായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
സിനിമ നിർമാതാവായാണ് ഉദയനിധി തന്‍റെ കരിയർ ആരംഭിക്കുന്നത്. റെഡ് ജയന്‍റ് മൂവീസ് എന്ന പ്രൊഡക്ഷൻ സ്റ്റുഡിയോയിലൂടെ കുരുവി (2008), ആദവൻ (2009), മന്മദൻ അമ്പു (2010), ഏഴാംഅറിവ് (2011) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു.
2012ൽ 'ഒരു കൽ ഒരു കണ്ണാടി' എന്ന ചിത്രലൂടെ അഭിനയ രംഗത്തേക്ക് കടന്നു. പിന്നീട് സ്വയം നിർമിക്കുന്ന സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. 2023ലാണ് സിനിമ ജീവിതം അവസാനിപിച്ച് രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.
ഒരു കുടുംബത്തിൽ നിന്ന് തമിഴ്നാടിന്‍റെ തലപ്പത്തെത്തുന്ന മൂന്നാം തലമുറക്കാരൻ കൂടിയാണ് ഉദയനിധി. എം.കരുണാനിധി ഒന്നിലധികം തവണയും അദ്ദേഹത്തിന്‍റെ മകനായ എം.കെ. സ്റ്റാലിൻ 2021ലും തമിഴ്നാട് മുഖ്യമന്ത്രിയായി. 2022ലാണ് ഉദയനിധി മന്ത്രിയായി ചുമതലയേൽക്കുന്നത്.
2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിട്ടുണ്ട്. ഇതിനിടയിലാണ് തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിവാദമായ 'സനാതന ധർമ പരാമർശം' അദ്ദേഹം നടത്തിത്. പരാമർശത്തെതുടർന്ന് വലിയ വിമർശനത്തിന് ഉദയനിധി വിധേയനായി. നിലവിൽ ഡി.എം.കെയുടെ യുവജന വിഭാഗം പ്രസിഡന്‍റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.