ഉദയ്നിധി ചുമതലയേറ്റത് തമിഴ്നാടിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയായി
text_fieldsചെന്നൈ: ഭാവിയിലെ അധികാര കൈമാറ്റത്തിന്റെ സൂചന നൽകി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകനും കായിക-യുവജനക്ഷേമ മന്ത്രിയുമായ ഉദയ്നിധി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. തമിഴ്നാടിന്റെ ചരിത്രത്തിൽ അധികാരമേൽക്കുന്ന മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാണ് ഉദയ്നിധി. 2009ൽ അന്നത്തെ തദ്ദേശമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ കരുണാനിധി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ 2017 ആഗസ്റ്റിൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ മന്ത്രിസഭയിലെ ഒ. പന്നീർശെൽവമായിരുന്നു രണ്ടാമൻ.
ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദയ്നിധിക്ക് ആസൂത്രണം, വികസനം എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ഉദയ്നിധിയുടെ സ്ഥാനാരോഹണം ഡി.എം.കെ പ്രവർത്തകർ തമിഴ്നാടൊട്ടുക്കും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷമാക്കിയപ്പോൾ അണ്ണാ ഡി.എം.കെ, ബി.ജെ.പി, നാം തമിഴർ കക്ഷി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നരക്ക് ചെന്നൈ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി പുതിയ നാല് മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ വി. സെന്തിൽ ബാലാജി, ആവടി എസ്.എം. നാസർ, കോവി ചെഴിയൻ, പനമരത്തുപട്ടി ആർ. രാജേന്ദ്രൻ എന്നിവരാണ് ചുമതലയേറ്റത്. നിലവിൽ മന്ത്രിസഭയിൽ 35 അംഗങ്ങളാണുള്ളത്.
ചടങ്ങിൽ ഉദയ്നിധി, മാതാവ് ദുർഗ സ്റ്റാലിൻ, ഭാര്യ കിർത്തിക ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പുറമെ സഖ്യകക്ഷി നേതാക്കളും സ്പീക്കർ എം. അപ്പാവു, ചെന്നൈ മേയർ പ്രിയ രാജൻ എന്നിവരും പങ്കെടുത്തു. പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസാമി ഉൾപ്പെടെ 116 പേർക്കാണ് ക്ഷണക്കത്ത് നൽകിയിരുന്നത്. എന്നാൽ, പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽനിന്ന് വിട്ടുനിന്നു.
പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സെന്തിൽബാലാജി (വൈദ്യുതി, എക്സൈസ്), ആവടി എസ്.എം. നാസർ (ന്യൂനപക്ഷ-പ്രവാസി വകുപ്പ്), കോവി ചെഴിയൻ (ഉന്നത വിദ്യാഭ്യാസം), ആർ. രാജേന്ദ്രൻ (ടൂറിസം) എന്നിങ്ങനെയാണ്. ആറു മന്ത്രിമാരുടെ വകുപ്പുകൾ മാറ്റി. മുതിർന്ന നേതാവ് കെ. പൊന്മുടി വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറ്റി വനം വകുപ്പ് നൽകിയത് ശ്രദ്ധിക്കപ്പെട്ടു. ന്യൂനപക്ഷ- പ്രവാസി വകുപ്പ് മന്ത്രി സെഞ്ചി മസ്താന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന് പുറമെ മനോ തങ്കരാജ്, കെ. രാമചന്ദ്രൻ എന്നിവർക്കും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. രാമചന്ദ്രനെ ഡി.എം.കെ നിയമസഭ കക്ഷി ചീഫ് വിപ്പായി നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡി.എം.കെ സർക്കാർ അധികാരമേറ്റശേഷം മൂന്നരവർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.