തലമുറമാറ്റത്തിനൊരുങ്ങി കരുണാനിധി കുടുംബം; സ്റ്റാലിനും ഉദയ്നിധിയും കളത്തിൽ
text_fieldsചെന്നൈ: മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും മകൻ എം.കെ. സ്റ്റാലിനും രണ്ടു ദശാബ്ദത്തിലേറെ അരങ്ങുവാണ തമിഴ്നാട് നിയമസഭയിലേക്ക് തലമുറമാറ്റത്തിനൊരുങ്ങി എം.കെ. സ്റ്റാലിനും മകൻ ഉദയ്നിധിയും. 1996 മുതൽ കരുണാനിധി അന്തരിച്ച 2018 ആഗസ്റ്റ് ഏഴുവരെയും പിതാവിനൊപ്പം ഇളയമകനായ എം.കെ. സ്റ്റാലിനും നിയമസഭയിൽ ഒന്നിച്ചുണ്ടായിരുന്നു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 67കാരനായ സ്റ്റാലിനൊപ്പം മകനും സിനിമാതാരവുമായ ഉദയ്നിധിയും ജനവിധിതേടുകയാണ്. ഹാട്രിക് വിജയം തേടി സ്റ്റാലിൻ ചെന്നൈയിലെ കൊളത്തൂരിലും ഉദയ്നിധി തെൻറ മുത്തച്ഛനായ കരുണാനിധിയുടെ മറിന ബീച്ചിലെ സമാധികുടി ഉൾപ്പെടുന്ന ചേപ്പാക്കം- തിരുവല്ലിക്കേണി മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. മൂന്നു തവണ കരുണാനിധി ജയിച്ചുകയറിയ സീറ്റിലാണ് ഉദയ്നിധിയുടെ കന്നിമത്സരം.
വർഷം മുമ്പ് ഉദയ്നിധിയെ ഡി.എം.കെ യുവജനവിഭാഗം ജനറൽ സെക്രട്ടറിയാക്കിയിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കളത്തിലിറക്കിയതും സ്റ്റാലിെൻറ പിൻഗാമിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. തൂത്തുക്കുടി ലോക്സഭാംഗമായ കരുണാനിധിയുടെ മകൾ കനിമൊഴി ഡി.എം.കെയുടെ ദേശീയമുഖമായാണ് അറിയപ്പെടുന്നത്. '96 മുതൽ അഞ്ചുവർഷം ചെന്നൈ കോർപറേഷൻ മേയറായിരുന്നു സ്റ്റാലിൻ. പിന്നീട് ഉപമുഖ്യമന്ത്രി വരെയായ സ്റ്റാലിന് പക്ഷേ, മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോഗമുണ്ടായിട്ടില്ല. 2.82 ലക്ഷം വോട്ടർമാരുള്ള കൊളത്തൂർ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെയുടെ ആദിരാജാറാം ആണ് മുഖ്യ എതിരാളി. പതിവായി മണ്ഡലത്തിലെത്തുന്നതിനാൽ സ്റ്റാലിൻ ജനങ്ങൾക്ക് സുപരിചിതനാണ്.
1989ൽ സ്റ്റാലിൻ ആയിരംവിളക്ക് മണ്ഡലത്തിൽനിന്ന് ജയിച്ചിരുന്നുവെങ്കിലും കരുണാനിധി സർക്കാർ പിരിച്ചുവിടപ്പെട്ടതിനാൽ ഒരുവർഷം മാത്രമാണ് എം.എൽ.എയായിരുന്നത്. 1984ലും '91ലും ഇതേസീറ്റിൽ മത്സരിച്ചുവെങ്കിലും തോറ്റു. പിന്നീട് '96, 2001, 2006 തെരഞ്ഞെടുപ്പുകളിൽ ആയിരംവിളക്കിൽനിന്ന് വിജയിച്ചു. 2011, 2016 വർഷങ്ങളിൽ കൊളത്തൂരിൽനിന്നാണ് എം.എൽ.എയായത്.
ഡി.എം.കെയുടെ കോട്ടയായി അറിയപ്പെടുന്ന ചേപ്പാക്കത്ത് ഉദയ്നിധിയുടെ വിജയം സുനിശ്ചിതമെന്നാണ് വിലയിരുത്തൽ. 1977നുശേഷം നടന്ന 10 നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പതിലും ഡി.എം.കെക്കായിരുന്നു വിജയം. താരപരിവേഷമുള്ള ഉദയ്നിധി ഡി.എം.കെ സ്ഥാനാർഥികൾക്കുവേണ്ടി തമിഴകമൊട്ടുക്കും പ്രചാരണ പര്യടനം നടത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ സഖ്യത്തിലെ ഘടകകക്ഷിയായ പാട്ടാളിമക്കൾ കക്ഷിയുടെ 61കാരനായ ബിസിനസുകാരൻ എ.വി.എ. കാസാലിയാണ് ഉദയ്നിധിയുടെ മുഖ്യ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.