ഉഡുപ്പിയിലെ രഹസ്യ വിഡിയോ വിവാദം; വർഗീയ മുതലെടുപ്പിന് ബി.ജെ.പിയും അനുബന്ധ സംഘടനകളും
text_fieldsവിഷയം ഏതുമാകട്ടെ അതിന് വർഗീയ നിറം കൊണ്ടുവരികയെന്ന ഹിന്ദുത്വ അജണ്ട മറനീക്കി പുറത്തുവന്ന പുതിയ സംഭവങ്ങളാണ് ഉഡുപ്പിയിൽ അരങ്ങേറുന്നത്. ജൂലൈ 18ന് ഉഡുപ്പിയിലെ നേത്ര ജ്യോതി കോളജിൽ സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ സംഭവത്തെയാണ് ഹിന്ദുത്വ സംഘടനകൾ വർഗീയവത്കരിക്കുന്നത്. കൊളേജിനകത്ത് തീരേണ്ട വിഷയം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെ മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി പൊലീസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ കോളേജ് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. പ്രാങ്ക് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സംഭവം ഉണ്ടായതെന്നും പരാതിനൽകിയ വിദ്യാർത്ഥിയോട് കുറ്റക്കാരായ വിദ്യാർഥികൾ മാപ്പുപറയുകയും ചെയ്തു. ദൃശ്യങ്ങൾ ഉടൻതന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും കോളജ് മാനേജ്മന്റെും അറിയിച്ചിരുന്നു.
എന്നാൽ ഈ വിഷയത്തെ സാമുദായികവൽകരിച്ച് ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും അനുബന്ധ സംഘടനകളും നടത്തുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനികളിൽ മുസ്ലിം പേരുള്ളവരും ഉള്ളതാണ് സംഘപരിവാർ പ്രചാരണത്തിന് പ്രധാന കാരണം. തീവ്രവലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളെല്ലാം ഈ വിഷയത്തിൽ വർഗീയത ആളി കത്തിക്കുന്ന തിരക്കിലാണ്. ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ചുള്ള മുസ്ലിം ജിഹാദിന്റെ ഭാഗമാണ് വിഡിയോ എന്ന തരത്തിലാണ് പ്രചാരണം. സംസ്ഥാനത്താകെ ഇതിനായി ഒരുനെറ്റ്വർക്ക് പ്രവർത്തിക്കുന്നുണ്ടെന്നും പ്രചരിപ്പിക്കുന്നുണ്ട്. അതോടൊപ്പം കൊളേജിൽ നിന്നുള്ള വിഡിയോ എന്ന തരത്തിൽ വ്യാജ വിഡിയോകളും പുറത്തിറക്കുന്നുണ്ട്.
തീവ്രവലതുപക്ഷ ആക്ടിവിസ്റ്റ് രഷ്മി സാവന്ത് ഉൾപ്പെടെയുള്ള പ്രമുഖരും വർഗീയത കത്തിക്കുന്നതിൽ മുന്നിലുണ്ട്. കോളജിലുണ്ടായത് ഇസ്ലാമിക ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദൃശ്യം പകർത്തിയ പെൺകുട്ടികളുടെ പേര് എടുത്തുപറഞ്ഞായിരുന്നു രഷ്മി സാവന്തിന്റെ ട്വീറ്റ്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് നിയമനടപടിയുമായി രംഗത്തെത്തിയെങ്കിലും രഷ്മി സാവന്തിനെ ചോദ്യം ചെയ്യാനായിട്ടില്ല. എന്നാൽ ഈ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ബി.ജെ.പി നേതാക്കളും പ്രചാരണങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് തുടരുകയാണ്. ഇതിന് ഉഡുപ്പി എംഎൽഎയും ബിജെപി നേതാവുമായ യശ്പാൽ സുവർണയുടെ പിന്തുണയും ലഭിക്കുന്നുവെന്നാണ് റിപോർട്ട്. ബിജെപി നേതാക്കളായ കർണാടക സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് നലീൻ കുമാർ കടീൽ, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവരെല്ലാം ഈ വിദ്വേഷ പ്രചാരണത്തെ ഏറ്റുപിടിച്ചിരിക്കുകയാണ്.
എന്നാൽ സംഭവത്തിൽ ഒരു തരത്തിലുള്ള വർഗീയമോ സാമുദായികമോ ആയ വിഷയമില്ലെന്നും ഷൂട്ട് ചെയ്ത വീഡിയോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. കർണാടക പൊലീസ് ആദ്യംമുതൽതന്നെ സംഭവത്തിന് വർഗീയ മാനങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന് ഒരു യൂടൂബ് ചാനലിനെതിരെ കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയത്തെ സാമുദായിക നിറം നൽകി പ്രചരിപ്പിക്കരുതെന്ന് സ്ഥലം സന്ദർശിച്ച ദേശീയ വനിത കമീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദറും അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.