സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കേസ്: മൂന്നു വിദ്യാർഥിനികൾക്കെതിരെ കേസെടുത്തു
text_fieldsമംഗളൂരു:ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തതായി ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര അറിയിച്ചു. വിദ്യാർഥിനികളായ ഷബ്നാസ്,അഫിയ,അലീമ,കോളജ് അധികൃതർ, മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച വൺ ഇന്ത്യ കന്നട യൂട്യൂബ് ചാനൽ, ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കലു സിങ് ചൗഹാൻ എന്നിവർക്ക് എതിരെയാണ് കേസ്."തമാശ" എന്ന് ശുചിമുറിയിൽ മൊബൈൽ ഫോൺ വെച്ച പെൺകുട്ടികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുറ്റസമ്മതം നടത്തുകയും പരാതിയില്ലെന്ന് ഇരയായ പെൺകുട്ടികൾ കോളജ് അധികൃതരോട് പറയുകയും മൂന്ന് വിദ്യാർഥിനികൾക്ക് എതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.അതോടെ കാമ്പസിൽ ഒതുങ്ങിയ സംഭവം ഉടുപ്പി എം.എൽ.എ യശ്പാൽ സുവർണയും ബി.ജെ.പിയുമാണ് പുറത്ത് എത്തിച്ചത്. മുസ്‌ലിം വിദ്യാർഥിനികൾ ഹിന്ദു വിദ്യാർഥിനികളുടെ സ്വകാര്യത പകർത്തിയ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബി.ജെ.പി വനിത വിഭാഗം വ്യാഴാഴ്ച കർണാടക വ്യാപകമായി പ്രതിഷേധ പരിപാടികൾ തീരുമാനിച്ച സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.
ഈ മാസം 18നാണ് ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചു വെച്ചത് കണ്ടെത്തിയത്. ഇതറിഞ്ഞ് പിറ്റേന്ന് ഫോൺ സ്ഥാപിച്ച മൂന്ന് പെൺകുട്ടികളെ സസ്പെൻഡ് ചെയ്തതായി കോളജ് ഡയറക്ടർ രശ്മി ചൊവ്വാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.കോളജിൽ മൊബൈൽ ഫോൺ അനുവദനീയമല്ല.ഇത് പാലിക്കാതെ ഫോൺ കൊണ്ടുവരുകയും തെറ്റായി ഉപയോഗിക്കുകയും ചെയ്തതിനുള്ള അച്ചടക്ക നടപടിയാണിത്.ഫോണിലെ ദൃശ്യങ്ങൾ നീക്കുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
വിദ്യാർഥിനികൾ ഒളിക്യാമറ വെച്ച് പകർത്തിയ ദൃശ്യങ്ങൾ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് മറ്റെവിടെയോ ഏതോ കാലത്ത് നടന്ന കാര്യമാണെന്ന് ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്രയും വ്യക്തമാക്കി .കോളജിൽ നിന്ന് ആരുടേയും പരാതികൾ പൊലീസിന് ലഭിച്ചിട്ടില്ല.ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും എന്നും ചൊവ്വാഴ്ച എസ്.പി.പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.