ഉഡുപ്പിയിലെ രഹസ്യ വിഡിയോ വിവാദം; വർഗീയ മുതലെടുപ്പിന് കളമൊരുക്കി ബി.ജെ.പിയും അനുബന്ധ സംഘടനകളും
text_fieldsമംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ വർഗീയ പ്രചരണവുമായി രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി അനുബന്ധ സംഘടനകൾ. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനികളിൽ മുസ്ലിം പേരുള്ളവരും ഉള്ളതാണ് സംഘപരിവാർ പ്രചരണത്തിന് കാരണം. ഇത്തരം ചില നീക്കങ്ങൾ മുന്നിൽക്കണ്ട് കർണാടക പൊലീസ് ആദ്യംമുതൽതന്നെ സംഭവത്തിൽ വർഗീയ മാനങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന് ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് ശേഷവും വിഷയം ഹിന്ദു-മുസ്ലിം വിഭജനം നടത്തുന്നതിനുവേണ്ടി സംഘപരിവാർ ഇപ്പോൾ ഉപയോഗിക്കുകയാണ്.
സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഹിന്ദു സ്ത്രീകൾെക്കതിരായ മുസ്ലിംകളുടെ സംഘടിത നീക്കമാണ് സംഭവമെന്നാണ് പ്രചരണം നടക്കുന്നത്. പഴയ ചില വിഡിയോകളും ഇത്തരം സംഘങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഉഡുപ്പിയിലെ ബിജെപി എംഎൽഎ യശ്പാൽ സുവർണ ഐക്യദാർഢ്യവുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ വസതിയിലെത്തി.
വിഡിയോ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.യും എ.ബി.വി.പി.യും രംഗത്തെത്തി. ഉഡുപ്പിയിലെ സംഭവം ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താനുള്ള നീക്കമാണെന്നും കോളേജില്‍നിന്ന് ചിത്രീകരിച്ച വീഡിയോ ഇത് ചിത്രീകരിച്ചവരുടെ ബന്ധുക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു എ.ബി.വി.പി.യുടെ ആരോപണം. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ ചില അദൃശ്യകരങ്ങളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി എം.എല്‍.എ. യശ്പാല്‍ സുവര്‍ണ പറയുന്നു. ഇത്തരം പ്രാങ്കുകള്‍ ശരിയല്ല. കുളിമുറിയില്‍ ക്യാമറവെയ്ക്കുന്നതും ശരിയല്ല. ഇതൊരു ബ്ലാക്ക്‌മെയിലിങ് തന്ത്രമാകാം. കുറ്റക്കാരായ മൂന്ന് പേര്‍ക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബി.ജെ.പി. എം.എല്‍.എ. പറഞ്ഞു.
ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ തന്റെ കുളിമുറിദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെയും കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്‌തെന്നുമാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികളും ക്ഷമാപണം നടത്തി. വിവരം പോലീസിലും അറിയിച്ചു. വിദ്യാര്‍ഥിനികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പോലീസിന് കൈമാറിയതായും കോളേജ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഉഡുപ്പിയിലെ വിഷയത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് പോലീസും അറിയിച്ചു. വസ്തുതാവിരുദ്ധമായ വിവരങ്ങളോ വ്യാജ വീഡിയോകളോ ആരും പ്രചരിപ്പിക്കരുത്. ഉഡുപ്പിയിലെ വീഡിയോ എന്ന പേരില്‍ പല വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിലൊന്നും അടിസ്ഥാനമില്ല. കോളേജില്‍നിന്ന് രഹസ്യമായി ചിത്രീകരിച്ചെന്ന് പറയുന്ന ഒരു വീഡിയോയും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ല. ഉഡുപ്പി സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വീഡിയോകളും വ്യാജമാണെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.