ഉഡുപ്പിയിൽ ക്ലിക്ക് ആവാതെ ബി.ജെ.പിയുടെ ‘ഒളി കാമറ’; മൂന്ന് വിദ്യാർഥിനികൾക്ക് സോപാധിക ജാമ്യം
text_fieldsമംഗളൂരു: "ഇത് ബ്രേക്കിങ് ന്യൂസ് അല്ല, വിദ്യാർഥിനികളുടെ, വനിതകളുടെ പ്രശ്നം’ -ഉഡുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് അധികൃതരോടും വിദ്യാർഥിനികളോടും ഏറെ നേരം സംസാരിച്ച് പുറത്തിറങ്ങിയപ്പോൾ തന്നെ വളഞ്ഞ മാധ്യമപ്രവർത്തകരോട് ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു.
ഉഡുപ്പി കോളജ് സംഭവത്തിൽ പ്രതിസ്ഥാനത്ത് മൂന്ന് മുസ്‌ലിം പെൺകുട്ടികൾ ആണെന്നറിഞ്ഞതോടെ ബി.ജെ.പിയും ഘടകങ്ങളും അവരുടെ സ്ഥിരം അജണ്ടകളുമായി തെരുവിൽ ഇറങ്ങിയ വേളയിലാണ് ദേശീയ വനിത കമ്മീഷൻ അംഗം വേറിട്ട നിലപാട് സ്വീകരിച്ചത്. തലങ്ങും വിലങ്ങും ചോദ്യങ്ങൾ തൊടുത്ത മാധ്യമ പ്രവർത്തകരോട് "അവിടെ ഒളികാമറ ഇല്ല. ആ പേരിൽ പ്രചരിക്കുന്ന വിഡിയോകൾ വ്യാജമാണ്. നിങ്ങൾ അങ്ങിനെയാണോ ആഗ്രഹിക്കുന്നത്?’ എന്ന് ഖുശ്ബുവിന് പറയേണ്ടി വന്നു.
കോളജ് ഡയറക്ടർ രശ്മി, അക്കാദമിക് കോഓഡിനേറ്റർ ബാലകൃഷ്ണ, പ്രിൻസിപ്പൽ രജീപ് മൊണ്ടൽ, ജില്ല നിയമ സേവന അതോറിറ്റി അഭിഭാഷക മേരി ശ്രേസ്ത എന്നിവർ പ്രാഥമിക ചർച്ചയിൽ പങ്കെടുത്തു. കോളജിൽ മൂന്നുവിദ്യാർഥിനികൾ സഹപാഠിയുടെ തമാശ വിഡിയോ (പ്രാങ്ക്) ചിത്രീകരിച്ച സംഭവം വർഗീയ പ്രശ്നമാക്കി മാറ്റാൻ സംഘ്പരിവാർ ശ്രമിക്കുന്നുണ്ട്. ഉടൻ അധികൃതർക്ക് മുന്നിൽ ദൃശ്യങ്ങൾ വിദ്യാർഥിനികൾ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തു.
ഉഡുപ്പി കോളജിൽ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് വിദ്യാർഥിനികൾക്ക് വെള്ളിയാഴ്ച ഉഡുപ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. മൂന്നു പേരും അഡ്വ. അസദുല്ല കട്പാടി മുഖേന ജഡ്ജി ശ്യാം പ്രകാശ് സമക്ഷം ഹാജരായി ജാമ്യ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
20,000 രൂപ വീതം കോടതിയിൽ കെട്ടിവെക്കുകയും ഓരോ ആൾ വീതം ജാമ്യം നിൽക്കുകയും ചെയ്തു. കേസ് അന്വേഷണ ഏജൻസികളുമായി സഹകരിക്കണം, വാദ വേളയിൽ കോടതിയിൽ വീഴ്ച വരുത്താതെ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ.
ജൂലൈ 18നായിരുന്നു സംഭവം. കാമ്പസിലെ പ്രശ്നം ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണയും ബി.ജെ.പിയുമാണ് വിവാദമാക്കിയത്. സംഘ്പരിവാർ സംഘടനകൾ സമരം നടത്തുകയും ചെയ്തു. ഉഡുപ്പിയിലെ വിഡിയോ എന്ന പേരിൽ മറ്റൊരു വിഡിയോയിൽ കന്നട സംസാരം എഡിറ്റ് ചെയ്ത് ചെന്നൈ ആസ്ഥാനമായ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ കലു സിങ് ചൗഹാൻ എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉഡുപ്പി കോളജിലെ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നും പൊലീസ് പറയുന്നു. ഇത് ചെറിയ സംഭവമാണെന്നും മുൻകാലങ്ങളിലും ഇത്തരത്തിൽ നിരവധി കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആരും അതിന് രാഷ്ട്രീയ നിറം നൽകിയിട്ടില്ലെന്നും ഇപ്പോൾ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ, വിദ്യാർഥിനികളെ അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉഡുപ്പിയിൽ റാലി നടത്തി. പാർട്ടി ജില്ല കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബണാജെയിൽ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് സമാപിച്ചു. അക്രമ സാധ്യത മുൻനിർത്തി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
പോപുലർ ഫ്രണ്ട് വനിത വിഭാഗം സജീവമാവുന്നതിന്റെ സൂചനയാണ് ഉഡുപ്പി കോളജിൽ ഹിന്ദു വിദ്യാർഥിനിയുടെ സ്വകാര്യത മുസ്‌ലിം വിദ്യാർഥിനികൾ പകർത്തിയ സംഭവം എന്ന് റാലിയെ സംബോധന ചെയ്ത ഉടുപ്പി എംഎൽഎ യശ്പാൽ സുവർണ പറഞ്ഞു. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദറിന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് നൽകിയതെന്ന് ബൈന്തൂർ എം.എൽ.എ ഗുരുരാജ് ഗന്തെഹൊളെ പറഞ്ഞു.
അത് വിശ്വസിച്ചാണ് ഖുശ്ബു ഒളികാമറ ഇല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എം.എൽ.എമാരായ ഗുർമെ സുരേഷ് ഷെട്ടി, കിരൺ കൊഡ്ഗി, മുൻ എം.എൽ.എ രഘുപതി ഭട്ട്,ജില്ല പ്രസിഡന്റ് സുരേഷ് നായക് കുള്ളടി എന്നിവർ പ്രസംഗിച്ചു.
ഖുശ്ബു സന്ദർശിക്കേണ്ടത് മണിപ്പൂർ -കൃപ അമർ ആൽവ
ഇല്ലാത്ത ഒളി ക്യാമറ തേടി ഉഡുപ്പിയിൽ വരുന്നതിന് പകരം സ്ത്രീത്വം മറയില്ലാതെ പിച്ചിച്ചീന്തപ്പെടുന്ന മണിപ്പൂരിലേക്കാണ് ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ സന്ദർശനം നടത്തേണ്ടിയിരുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കൃപ അമർ ആൽവ പറഞ്ഞു. ഇതുവരെ അവിടെ പോവാത്തത് വനിത സംരക്ഷണ ചുമതലയുള്ള എൻ.സി.ഡബ്ല്യുവിന്റെ പരാജയമാണെന്ന് മുൻ കർണാടക ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കൂടിയായ കൃപ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.