ഇബ്രാഹിം സുലൈമാൻ സേട്ടിനെ അനുസ്മരിച്ച് ഉദ്യാനനഗരി
text_fieldsബംഗളൂരു: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയ ഐ.എൻ.എൽ സ്ഥാപക നേതാവും പ്രമുഖ പാർലമെന്റേറിയനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 104ാം ജന്മദിനത്തിൽ ബംഗളൂരുവിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ‘ഇബ്രാഹിം സുലൈമാൻ സേട്ട്: ജീവിതവും രാഷ്ട്രീയവും’ എന്ന തലക്കെട്ടിൽ ഐ.എൻ.എൽ, ഐ.എം.സി.സി കർണാടക കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ് തകർത്തശേഷം കാലുഷ്യമുള്ള ഇന്ത്യയിൽ രൂപപ്പെട്ട തീവ്ര-ജഡിക രാഷ്ട്രീയത്തിന് ബദലായി ആദർശനിബദ്ധമായ ഒരു പുതിയ രാഷ്ട്രീയത്തെ ചിന്താപരമായി അവതരിപ്പിച്ചതാണ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിത മഹത്വമെന്നും കലാപ ഭൂമികളിലും മതന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളിലും അദ്ദേഹത്തിന്റെ മാതൃക എന്നും സ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജി.എം. ബനാത്ത്‍വാലയും സുലൈമാൻ സേട്ടും പാർലമെന്റിൽ ന്യൂനപക്ഷമായിരുന്നെങ്കിൽ പോലും അവരുടെ ഓരോ വാക്കുകൾക്കും ഇന്ത്യൻ പാർലമെന്റ് കാതോർക്കുമായിരുന്നെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ഇന്ത്യൻ സമൂഹം മാറുന്നതിന്റെ വേദന സേട്ട് സാഹിബ് പാർലമെന്റിൽ പങ്കുവെച്ചിരുന്നു. ബാബരി മസ്ജിദ് സംബന്ധിച്ച് അദ്ദേഹം പാർലമെന്റിൽ നൽകിയ മുന്നറിയിപ്പ് കോൺഗ്രസ് അവഗണിച്ചു. സേട്ടിന്റെ വാക്കുകൾക്ക് അന്ന് കോൺഗ്രസ് ചെവികൊടുത്തിരുന്നെങ്കിൽ ഇന്ന് രാജ്യത്ത് സംഘ്പരിവാർ ഭീഷണിയെ ഭയപ്പെടേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല. അധികാരത്തിന് വേണ്ടിയല്ല; രാഷ്ട്രീയ ആദർശത്തിന് വേണ്ടിയാണ് സേട്ട് സാഹിബ് നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പം ദീർഘകാലം പ്രവർത്തിച്ചതിന്റെ ഓർമ മുസ്‍ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി അനുസ്മരിച്ചു. ലാളിത്യമായിരുന്നു ജീവിതമുദ്രയെന്നും ഭയമില്ലാത്ത, നീതിയുക്തനായ രാഷ്ട്രീയക്കാരിൽ ഒന്നാമനായിരുന്നു അദ്ദേഹമെന്നും ഇ.ടി പറഞ്ഞു.
സുലൈമാൻ സേട്ടിന്റെ പാതയിലൂടെ സഞ്ചരിച്ച് മാത്രമേ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാൻ ശരിയായ രാഷ്ട്രീയസരണി പടുത്തുയർത്താൻ കഴിയൂയെന്ന് മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം പറഞ്ഞു. കാപട്യമറിയാത്ത നേതാവായിരുന്നു സുലൈമാൻ സേട്ടെന്നും അദ്ദേഹത്തിന്റെയും സി.എച്ചിന്റെയും അകളങ്കമായ പോരാട്ടവീര്യമായിരുന്നു തന്നെ മുസ്‍ലിംലീഗ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാക്കിയതെന്നും ഡോ. കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു.
കാമരാജ് റോഡിലെ കച്ച് മേമൻ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുസ്‍ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റും സുലൈമാൻ സേട്ടിന്റെ മകനുമായ സിറാജ് ഇബ്രാഹീം സേട്ട്, കർണാടക കോൺഗ്രസ് സെക്രട്ടറി ടി.എം. ഷാഹിദ് തെക്കിൽ, മുസ്‍ലിം പേഴ്സണൽ ലോ ബോർഡ് അംഗം അബു കാസിം, കർണാടക വഖഫ് ബോർഡ് മുൻ ചെയർമാൻ ഷാഫി സഅദി, നാഷനൽ വിമൻസ് ലീഗ് ദേശീയ അധ്യക്ഷയും സുലൈമാൻ സേട്ടിന്റെ മകളുമായ തസ്നീം ഇബ്രാഹിം, ഐ.എൻ.എൽ ദേശീയ നേതാക്കളായ ഡോ. മുനീർ ഷരീഫ്, അഡ്വ. ഇഖ്ബാൽ സഫർ, സമീറുൽ ഹസൻ, എച്ച്.പി. ഷക്കീൽ അഹമ്മദ്, മുസമ്മിൽ ഹുസൈൻ, കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, മൊയ്തീൻകുഞ്ഞി കളനാട്, എം.എ. ലത്തീഫ്, സി.പി. അൻവർ സാദത്ത്, ഐ.എൻ.എൽ സംസ്ഥാന ഭാരവാഹികളായ അഷ്റഫ് അലി വല്ലപ്പുഴ, ഒ.ഒ. ഷംസു, സി.എച്ച്. ഹമീദ് മാസ്റ്റർ, ഐ.എം.സി.സി കർണാടക നേതാക്കളായ ശോഭ അബൂബക്കർ, ടി.സി. സാലിഹ്, സമീർ മമ്മൂട്ടി, എം.കെ. നസീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.