യു.ജി.സി കരടു ഭേദഗതി പിൻവലിക്കണം -പ്രതിപക്ഷ സംസ്ഥാനങ്ങൾ
text_fieldsയു.ജി.സി കരടു ഭേദഗതി സംബന്ധിച്ച് ബംഗളൂരുവിൽ സംഘടിപ്പിച്ച കോൺക്ലേവിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർക്കൊപ്പം
ബംഗളൂരു: സർവകലാശാലകളിലെ വി.സി, അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനുമായി യു.ജി.സി കരട് ചട്ടം പിൻവലിക്കണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ കർണാടക വിളിച്ചുചേർത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവിലാണ് ആവശ്യം. സംസ്ഥാന സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിൽ അതത് സംസ്ഥാന സർക്കാറുകൾക്ക് പ്രധാന പങ്കാണുള്ളതെന്നും വി.സി നിയമനാധികാരം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും പ്രമേയം പാസാക്കി. യു.ജി.സി നിയന്ത്രണത്തിന്റെ കരട് ബിൽ ഫെഡറൽ അവകാശങ്ങൾ തടയുന്നതാണെന്ന് ചൂണ്ടിക്കാട്ടി. കർണാടകക്കു പുറമെ, കേരളം, തമിഴ്നാട്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ കോൺക്ലേവിൽ പങ്കെടുത്തു.
അക്കാദമീഷ്യന്മാരല്ലാത്തവരെ വി.സിമാരായി നിയമിക്കാമെന്ന നിബന്ധന പിൻവലിക്കുക, അസി. പ്രഫസർമാരുടെ നിയമനങ്ങൾ സംബന്ധിച്ച നിർദേശങ്ങളിൽ പുനർവിചിന്തനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. കരാർ നിയമനങ്ങൾ, ഗെസ്റ്റ് ഫാക്കൽറ്റി, വിസിറ്റിങ് ഫാക്കൽറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വ്യക്തത വേണം. സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഗ്രേഡിങ് മാനദണ്ഡങ്ങളാണ് കരടിലുള്ളത്. ഇത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ഷേമ സങ്കൽപത്തെ നിരാകരിക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
യു.ജി.സി നിയന്ത്രണ കരടുരേഖ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭീഷണിയാണെന്നും സർവകലാശാലകൾക്കുമേൽ പിടിമുറുക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിന്റെ ഭാഗമാണെന്നും കേരള വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സംസ്ഥാന സർവകലാശാലകൾക്ക് 80 ശതമാനം ഫണ്ടിങ് അനുവദിക്കുന്ന സംസ്ഥാന സർക്കാറുകളുടെ പങ്കിനെ തഴയുകയും സർവകലാശാലകളുടെ ജനാധിപത്യപരമായ പ്രവർത്തന രീതിയെ ദുർബലപ്പെടുത്തുകയാണ് ഇത് ചെയ്യുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, മറ്റു സംസ്ഥാനങ്ങളിലെ വകുപ്പു മന്ത്രിമാരായ ഡോ. ഗോവി ചെഴിയൻ (തമിഴ്നാട്), ശ്രീധർ ബാബു (തെലങ്കാന), സുദിവ്യ കുമാർ (ഝാർഖണ്ഡ്), രോഹിത് താക്കൂർ (ഹിമാചൽ പ്രദേശ്) എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.