യു.ജി.സി മാർഗരേഖ: നിർദേശങ്ങൾ 28വരെ സമർപ്പിക്കാം
text_fieldsന്യൂഡൽഹി: വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും നിയമനത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ (യു.ജി.സി) പുതിയ മാർഗരേഖയിൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. നേരത്തേ ഇത് ഫെബ്രുവരി അഞ്ചുവരെയായിരുന്നു. ജനുവരി അവസാനമാണ് കരട് പുറത്തിറക്കിയത്. ബന്ധപ്പെട്ടവരുടെ അപേക്ഷയെ തുടർന്നാണ് തീയതി നീട്ടുന്നതെന്ന് യു.ജി.സി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
മാർഗരേഖക്കെതിരെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു. സർവകലാശാലകളിൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാറിന് വഴിയൊരുക്കുന്നതാണ് ചട്ടമെന്നാണ് വിമർശനം. വ്യവസായ മേഖലയിലെ വിദഗ്ധർക്കും പൊതുമേഖല സ്ഥാപനങ്ങളിലെ പ്രഫഷനലുകൾക്കും ഉൾപ്പെടെ വൈസ് ചാൻസലർമാരാകാൻ അനുമതി നൽകുന്നതും ഇവരെ നിയമിക്കാൻ ചാൻസലർക്ക് സെലക്ഷൻ കമ്മിറ്റി രൂപവത്കരണത്തിന് അധികാരം നൽകുന്നതുമാണ് മാർഗരേഖ.
ഇതിനെ എതിർക്കുമെന്ന് കർണാടക, തെലങ്കാന, കേരളം, തമിഴ്നാട്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ് എന്നീ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലവാരവും നിയമനങ്ങളിൽ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ മാർഗരേഖയെന്നാണ് യു.ജി.സി അവകാശവാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.