ക്രമക്കേട് നടന്നു; യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി; സി.ബി.ഐ അന്വേഷിക്കും
text_fieldsന്യൂഡല്‍ഹി: ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച നടന്ന യു.ജി.സി നെറ്റ് 2024 പരീക്ഷ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) റദ്ദാക്കി.
രണ്ടു ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ നഗരങ്ങളിൽ 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍റർ പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാൻ എൻ.ടി.എ തീരുമാനിച്ചത്. നീറ്റിനു പിന്നാലെ പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ചയാണു യു.ജി.സി നെറ്റ് പരീക്ഷയിലും സംഭവിച്ചത്.
പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. വിശദമായ അന്വേഷണത്തിന് കേസ് സി.ബി.ഐക്ക് കൈമാറാനും തീരുമാനിച്ചു. ബുധനാഴ്ചയാണ് സൈബർ സുരക്ഷ അതോറിറ്റി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന വിവരം യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷനെ അറിയിക്കുന്നത്. സുതാര്യതയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാൻ നിർദേശം നൽകിയത്. പരീക്ഷ പുതുതായി നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും യു.ജി.സി അറിയിച്ചു.
നീറ്റ് പരീക്ഷയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം കടുക്കുന്നതിനിടെയാണു നെറ്റ് പരീക്ഷ റദ്ദാക്കുന്നത്. 83 വിഷയങ്ങളിലേക്കുമുള്ള പരീക്ഷ ഒറ്റദിവസമായാണ് നടന്നത്. മുമ്പ് വിവിധ ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് യു.ജി.സി നെറ്റ് പരീക്ഷകള്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.