കാമ്പസുകൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് യു.ജി.സി
text_fieldsന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസരംഗം ഭിന്നശേഷി സൗഹൃദമാക്കാനുള്ള കരട് മാർഗരേഖ സർവകലാശാല ധനസഹായ കമീഷൻ (യു.ജി.സി) പുറത്തിറക്കി. 18ഓളം ഭിന്നശേഷി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളിലും അധ്യാപകരിലും സര്‍വേ നടത്തിയാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്.
കാമ്പസിലെ നടപ്പാതകള്‍, ശൗചാലയങ്ങള്‍, ലൈബ്രറികള്‍, ലാബുകള്‍, ഓഡിറ്റോറിയം, കളിസ്ഥലങ്ങള്‍, ഹോസ്റ്റലുകള്‍, കാന്റീന് തുടങ്ങിയവ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും പരസഹായമില്ലാതെ എല്ലാ കെട്ടിടങ്ങളിലേക്കും ഭിന്നശേഷിക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണമെന്നും കരട് മാർഗ രേഖ ആവശ്യപ്പെടുന്നു. കെട്ടിടത്തില്‍ മാറ്റംവരുത്തുന്നതിനൊപ്പം ബാറ്ററി വീല്‍ചെയറും കാമ്പസിനുള്ളില്‍ സജ്ജീകരിക്കണം.
കോളജ് പ്രവേശനം, അഭിമുഖം എന്നിവ ഭിന്നശേഷി സൗഹൃദ കെട്ടിടത്തില്‍ മാത്രമേ നടത്താവൂ. ലൈബ്രറികളിലെ ബുക്ക് റാക്കുകള്‍ താഴ്ത്തി സ്ഥാപിക്കണം. ഓഫ്ലൈൻ ആയും ഓണ്‍ലൈനായും ക്ലാസുകളില്‍ പങ്കെടുക്കാൻ സൗകര്യമൊരുക്കണം. ക്ലാസുകളില്‍ ഹാജരാകാനും നേരത്തേ പോകാനും ഇളവ് അനുവദിക്കണം. പാഠ്യപദ്ധതിയും ഇന്റേണല്‍ അടക്കമുള്ള മൂല്യനിര്‍ണയങ്ങളിലും ഇളവുകള്‍ നല്‍കണം. കാഴ്ചപരിമിതര്‍ക്ക് പഠനസാമഗ്രികള്‍ ബ്രെയില്‍ ലിപിയില്‍ സൗജന്യമായി ലഭ്യമാക്കണം.
മൂകരും ബധിരരുമായവർക്ക് ആംഗ്യഭാഷ വിദഗ്ധരെ നിയമിക്കണം. പരീക്ഷക്ക് ഒരു മണിക്കൂറിന് 20 മിനിറ്റ് എന്ന കണക്കിൽ അധിക സമയം അനുവദിക്കണമെന്നും കരട് മാര്‍ഗരേഖയില്‍ വ്യക്തമാക്കി. മാര്‍ച്ച് ഏഴുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.