850 കോടി നിർമാണ ചിലവ്, മോദി ഉദ്ഘാടനം ചെയ്ത സപ്തർഷികളുടെ പ്രതിമകൾ കാറ്റിൽ തകർന്നു; അന്വേഷിക്കുമെന്ന് ലോകായുക്ത
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഏഴ് സപ്തർഷികളുടെ കൂറ്റൻ വിഗ്രഹങ്ങളിൽ ആറെണ്ണവും മഴയിലും കാറ്റിലും തകർന്നു വീണു. മെയ് 28 ന് വൈകുന്നേരം 4 മണിയോടെയാണ് നിരവധി സന്ദർശകർ ഉണ്ടായിരിക്കെ പ്രതിമകൾ തകർന്നുവീണത്. 850 കോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച പ്രതിമകളാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സപ്തർഷികളുടെ പ്രതിമകൾ തകർന്നതിൽ മധ്യപ്രദേശ് ലോകായുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2022 ഒക്ടോബറിലാണ് മഹാകാൽ ലോക് ഇടനാഴി തുറന്നുകൊടുത്തത്. ആഘോഷപൂർവ്വം നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യ അഥിതി. അപകടത്തിൽ ആർക്കും പരിക്കില്ല. അറ്റകുറ്റപ്പണികൾക്കായി ഇവിടം താൽക്കാലികമായി അടച്ചു. ശക്തമായ കാറ്റാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 850 കോടി രൂപയുടെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്.
സംഭവത്തിൽ മധ്യപ്രദേശ് ലോകായുക്ത അന്വേഷണം ആരംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനും ലോകായുക്ത സംഘം ശനിയാഴ്ച സ്ഥലം സന്ദർശിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ലോകായുക്ത ജസ്റ്റിസ് എൻ കെ ഗുപ്ത സ്വമേധയാ നടപടികൾ സ്വീകരിക്കുകയായിരുന്നു. പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. നിലവാരം കുറഞ്ഞ നിർമാണമാണ് പ്രതിമകൾ തകരാൻ കാരണമെന്നും അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഗ്രഹങ്ങൾ പുനഃസ്ഥാപിക്കണമെന്നും നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മഹാകാൽ ലോക് ഇടനാഴിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണ് ലോകായുക്ത അന്വേഷിക്കുന്നത്. ആദ്യത്തെ പരാതിയിൽ ഉജ്ജയിൻ ജില്ലാ കളക്ടറും മറ്റ് രണ്ട് ഐഎഎസ് ഓഫീസർമാരും ഉൾപ്പെടെ 15 പേർക്കെതിരെ ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയും കരാറുകാരന് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം. ഉജ്ജയിൻ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെയാണ് മഹാകാൽ ലോക് ഇടനാഴിയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.