ടിപ്പുവിന്‍റെ സിംഹാസനത്തിലെ കടുവത്തല വിൽപനക്ക്; ബ്രിട്ടൻ കൊള്ളമുതൽ വിൽക്കുകയാണെന്ന് പരിഹാസം
text_fieldsലണ്ടൻ: ഇന്ത്യയിലെ അധിനിവേശ കാലത്ത് ബ്രിട്ടൻ നേരിട്ട ഏറ്റവും വലിയ സൈനിക പ്രതിരോധങ്ങളിലൊന്നായിരുന്നു ടിപ്പു സുൽത്താൻ. 1799 മേയ് നാലിന് ശ്രീരംഗപട്ടണത്ത് നടന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തില്‍ ടിപ്പുവിനെ ചതിയിൽപ്പെടുത്തി കൊന്നുകളഞ്ഞ ശേഷം വ്യാപകമായ െകാള്ളയാണ് ബ്രിട്ടീഷുകാർ മൈസൂരിൽ നടത്തിയത്. കൊള്ളമുതൽ ഒന്നൊന്നായി ബ്രിട്ടനിലേക്ക് കപ്പലിൽ കടത്തുകയും ചെയ്തു. രണ്ടു ദശലക്ഷം പൗണ്ടിന് തുല്യമായ വസ്തുക്കൾ മൈസൂരിൽ നിന്ന് അന്ന് ബ്രിട്ടനിലേക്ക് കടത്തിയിരുന്നു. ടിപ്പുവിന്‍റെ സിംഹാസനത്തിന്‍റെ ഭാഗങ്ങളും അതിലുണ്ടായിരുന്നു. അതിലൊന്ന് ലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ.
സിംഹാസനത്തിലുണ്ടായിരുന്ന സുവർണ കടുവത്തലയാണ് 15 കോടിയോളം രൂപ അടിസ്ഥാന വില നിശ്ചയിച്ച് വിൽപനക്ക് വെച്ചിരിക്കുന്നത്. അതേസമയം, ഈ അപൂർവ ചരിത്രശേഷിപ്പ് ബ്രിട്ടനിൽ നിന്ന് പുറത്തു കൊണ്ടു പോകാതിരിക്കാൻ താൽകാലിക കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ടിപ്പു കൊല്ലപ്പെടുകയും മൈസൂർ പരാജയപ്പെടുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രൈസ് ഏജന്‍റുമാർ കൊള്ള നടത്താനായി ടിപ്പുവിന്‍റെ കൊട്ടാരത്തിലെത്തിയിരുന്നു. കൊള്ളക്കുള്ള ആവേശത്തിൽ വിഖ്യാതമായ ടിപ്പുവിന്‍റെ സിംഹാസനം പ്രൈസ് ഏജന്‍റുമാർ തകർക്കുകയായിരുന്നു. സിംഹാസനത്തിലുള്ള അപൂർവമായ രത്നങ്ങളും വജ്രങ്ങളും കവർന്നെടുക്കാനുള്ള തിടുക്കത്തിൽ സിംഹാസനത്തിന്‍റെ ആകെ മൂല്യം അവർക്ക് തിരിച്ചറിയാനായില്ല. എട്ടു കോണുകളുള്ള സിംഹാസനം സുവർണ കടുവത്തലകൾ കൊണ്ട് അലങ്കരിച്ചതായിരുന്നു. സ്വർണവും രത്നവും ഉപയോഗിച്ച് നിർമിച്ച ഈ കടുവത്തലകൾ അക്കാലത്തെ സ്വർണപ്പണിക്കാരുടെ കഴിവ് തിരിച്ചറിയാവുന്ന സൃഷ്ടികൾ കൂടിയാണ്. ഇവയെല്ലാം ബ്രിട്ടനിലേക്ക് കടത്തിയതായിരുന്നു. അതിലൊരു കടുവത്തലയാണ് ഇപ്പോൾ വിൽപനക്കു വെച്ചിരിക്കുന്നത്.
ബ്രിട്ടീഷ് സർക്കാറിന്‍റെ ഡിജിറ്റൽ, കൾച്ചർ, മീഡിയ വിഭാഗം ഇതിന്‍റെ ലേല വിവരം പരസ്യപ്പെടുത്തിയതിന് താഴെ പരിഹാസവുമായി എത്തിയവരിൽ ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമുണ്ട്. കൊള്ളമുതൽ വിറ്റ് പണമുണ്ടാക്കുകയും അതിന്‍റെ അവകാശികളുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് വിലക്കു വെക്കുകയും ചെയ്യുന്നത് പരിഹാസ്യമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന വിമർശനം.
ബ്രിട്ടീഷ് പൗരൻമാർക്കോ സ്ഥാപനങ്ങൾക്കോ ഇപ്പോൾ ഇത് സ്വന്തമാക്കാമെന്നാണ് ബ്രിട്ടീഷ് സർക്കാറിന്‍റെ അറിയിപ്പ്. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന വസ്തു ലേലത്തിലൂടെ ബ്രിട്ടൻ വിട്ടു പോകാതിരിക്കാനാണ് താത്കാലിക കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് ആരെങ്കിലും ഇത് വാങ്ങാൻ തയ്യാറാകുകയും പണം നൽകാൻ സാവകാശം ചോദിക്കുകയും ചെയ്താൽ കയറ്റുമതി വിലക്ക് ഒരു മാസം കൂടി നീട്ടിയേക്കും.
നേരത്തെ, 2004 ല്‍ ലേലം ചെയ്തപ്പോള്‍ ടിപ്പു സുൽത്താന്‍റെ വാളും മറ്റു ചില വസ്തുക്കളും വിജയ് മല്യ ലേലത്തില്‍ എടുത്ത് ഇന്ത്യയില്‍ എത്തിച്ചിരുന്നു. 2013 ഒക്ടോബറിൽ ടിപ്പു സുൽത്താന്‍റെ മറ്റൊരു വാൾ സോത്ബീസ് കോർപ്പറേഷൻ ലേലം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.