ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും
text_fieldsന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 22 നായിരിക്കും സന്ദർശനമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ വ്യാപാര കരാറുകളിൽ ചർച്ച നടന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം.
ഇതിന് മുമ്പ് ബോറിസ് ജോൺസൺ രണ്ട് തവണ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദർശനം റദ്ദു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോൺസനും തമ്മിൽ കൂടിക്കാഴ്ച സംബന്ധിച്ച് ഫോണിൽ ചർച്ച ചെയ്തതെന്ന വിവരം കഴിഞ്ഞമാസം പുറത്ത് വന്നിരുന്നു.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ബോറിസ് ജോൺസൻ മുഖ്യാതിഥിയായിരുന്നെങ്കിലും ബ്രിട്ടണിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദർശനം റദ്ദ് ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ബ്രിട്ടൻ സന്ദർശനവും കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ സന്ദർശിക്കുന്നതിനും മോദിയുമായി ചർച്ച നടത്തുന്നതിനും ബോറിസ് ജോൺസൻ താൽപര്യം പ്രകടിപ്പിച്ചതായി ഡൗണിങ് സ്ട്രീറ്റ് വാർത്ത ഏജൻസിയായ പി.ടി.ഐ യെ അറിയിച്ചിരുന്നു. എന്നാൽ സന്ദർശന പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം നവംബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന സി.ഒ.പി26 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കണ്ടത്. ലോക നേതാക്കൾ പങ്കെടുത്ത ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യ-യു.കെ കാലാവസ്ഥാ പങ്കാളിത്തത്തിലും 2030ലെ റോഡ്‌മാപ്പിന്റെ അവലോകനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.