തീർത്തും വിവേചനപരം; ഇന്ത്യക്കാർക്ക് യു.കെയിൽ ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്‍റീൻ പിൻവലിക്കണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് വാക്സിനെടുത്ത ശേഷം വരുന്നവർക്ക് യു.കെയിൽ 10 ദിവസം ക്വാറൻറീൻ നിർബന്ധമാക്കിയ നടപടി വിവേചനപരമാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച വാക്സിൻ ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ യു.കെയിൽ നിന്ന് വാക്സിനെടുത്തവർക്ക് ഇന്ത്യയും സമാന നിബന്ധനയേർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രശ്നമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് ദശലക്ഷം ഡോസ് വാക്സിൻ യു.കെയുടെ അഭ്യർഥന പ്രകാരം ഇന്ത്യ നൽകിയിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യ സംവിധാനം ഉപയോഗിച്ചിട്ടുമുണ്ട്. കോവിഷീൽഡിന് അംഗീകാരം നൽകാത്തത് തീർത്തും വിവേചനപരമാണ്. യു.കെ അധികൃതർക്ക് മുന്നിൽ വിഷയം ഉയർത്തിയിട്ടുണ്ട്. വിഷയം എത്രയും വേഗം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യക്ക് പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുർക്കി, ജോർഡൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും യു.കെയിൽ 10 ദിവസം ക്വാറന്‍റീൻ ബാധകമാണ്. ഈ രാജ്യങ്ങളിൽനിന്നുള്ളവർ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിലും അവരെ വാക്സിൻ എടുക്കാത്തവരായി കണക്കാക്കും.
ഇത്തരക്കാർ ബ്രിട്ടനിലേക്ക് പോകുന്നതിന് മുമ്പായി കോവിഡ് പരിശോധന നടത്തണം. കൂടാതെ യാത്രയുടെ 48 മണിക്കൂറിന് മുമ്പ് പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം. യു.കെയിലെത്തിയാൽ 10 ദിവസം ക്വാറൻറീനിലിരിക്കണം. ഇതിനിടയിൽ രണ്ടാം ദിവസവും എട്ടാം ദിവസമോ അതിനുശേഷമോ കോവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി യു.കെയിലേക്ക് വരുന്നതിനു മുമ്പുതന്നെ ബുക്ക് ചെയ്ത് പണമടച്ചിരിക്കണം.
യു.കെയുടെ പുതിയ നയത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. ഇത് തികച്ചും വിചിത്രമാണെന്ന് മുൻ കേന്ദ്ര മന്ത്രി ജയറാം രമേശ് പറഞ്ഞു. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡ് യഥാർഥത്തിൽ വികസിപ്പിച്ചത് ബ്രിട്ടനിലാണ്. ഈ വാക്സിൻ അവിടെയും നൽകുന്നുണ്ട്. പുതിയ തീരുമാനം വംശീയതയുടെ ഉദാഹരണമാണെന്നും ജയറാം രമേശ് പറഞ്ഞു.
ശശി തരൂർ എം.പിയും ബ്രിട്ടനെതിരെ രംഗത്തെത്തി. 'ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ്' പുസ്തകത്തിെൻറ യു.കെ എഡിഷൻ പ്രകാശന പരിപാടികളിൽനിന്ന് അദ്ദേഹം പിന്മാറി. പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇന്ത്യക്കാരോട് ക്വാറൻറീനിൽ പോകാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും ബ്രിട്ടൻ പുതിയ നയം പുനരവലോകനം ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.