യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയും അസമിലെ ചായപ്പൊടിയും തമ്മിലെന്താണ് ബന്ധം?
text_fieldsയുക്രെയ്നിൽ റഷ്യ അധിനിവേശം തുടരുമ്പോൾ ലോകത്തിന് മുന്നിൽ ധീരതയുടെ പര്യായമായി ഒരു രാഷ്ട്രത്തലവൻ നിലകൊള്ളുകയാണ്, യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. റഷ്യൻ സൈനികശക്തിക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ച സെലൻസ്കി, രാജ്യം വിടാനുള്ള നിർദേശം പോലും അവഗണിച്ച് മാതൃരാജ്യത്തെ കാക്കാനുള്ള പോരാട്ടത്തിലാണ്. ഇതോടെ, യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമങ്ങൾ വൻ തിരിച്ചടിയേൽക്കുകയും ചെയ്തു.
ഇത്രയും കടുപ്പമേറിയ ഒരു നേതാവിനെ ലോകം എങ്ങനെയൊക്കെയാകും ആദരിക്കുക. അസമിലെ അരോമിക ചായപ്പൊടി കമ്പനി അവരുടെ പുതിയ കടുപ്പമേറിയ ചായപ്പൊടിക്ക് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ പേര് നൽകിയിരിക്കുകയാണ് -സെലൻസ്കി സ്ട്രോങ് ടീ. കടുപ്പമേറിയ ചായക്ക് നൽകാൻ ഇതിലും നല്ല പേരില്ലെന്നാണ് കമ്പനി പറയുന്നത്.
സെലൻസ്കിയുടെ ധീരതയെയും നേതൃത്വത്തെയും ആദരിക്കാനാണ് ചായപ്പൊടിക്ക് അദ്ദേഹത്തിന്‍റെ പേരിട്ടതെന്ന് അരോമിക ടീയുടെ ഡയറക്ടർ രഞ്ജിത് ബറുവ പറയുന്നു. വിജയം സുനിശ്ചിതമാണെന്നതിന്‍റെ പ്രതീകമാണ് സെലൻസ്കിയെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സെലൻസ്കി ചായപ്പൊടിയെ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ചായപ്പൊടിക്ക് സെലൻസ്കിയുടെ പേര് നൽകിയതിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. ചായപ്പൊടി ഓൺലൈനിലും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.