റഷ്യയെ തലോടി യുക്രെയ്ൻ പ്രഖ്യാപനം; നേട്ടമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനായെങ്കിലും അധിനിവേശം നടത്തിയ റഷ്യയെ പേരെടുത്തുപറയാത്തത് ശ്രദ്ധേയമായി.
റഷ്യയും ചൈനയും ഉൾപ്പെടെ പ്രസ്താവന അംഗീകരിച്ചത് നേട്ടമാണെന്നും ‘വിഭജന സ്വഭാവമുള്ള സമവായ’ത്തേക്കാൾ ‘ഒത്തൊരുമക്കുള്ള സമവായ’മാണ് ഉണ്ടായതെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഡൽഹി ഉച്ചകോടി നാഴികക്കല്ലാണെന്നും ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്നും റഷ്യ പ്രതികരിച്ചു. അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നായിരുന്നു യുക്രെയ്നിന്റെ പ്രതികരണം. എന്നാൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഉച്ചകോടിക്കുമുമ്പേ നടത്തിയ പ്രചാരണത്തിന്റെ പരാജയംകൂടിയാണ് റഷ്യൻ അനുകൂല യുക്രെയ്ൻ പ്രഖ്യാപനമെന്ന് വിമർശനമുയർന്നിരിക്കുകയാണ്.
യുക്രെയ്നെ പിന്തുണക്കുന്ന കാനഡ സംയുക്ത പ്രസ്താവനയെ അംഗീകരിച്ചുവെങ്കിലും റഷ്യവിമർശനം കുറഞ്ഞുപോയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിമർശിച്ചു. യൂറോപ്യൻ-അമേരിക്കൻ മാധ്യമങ്ങൾ യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ജി20 സംയുക്ത പ്രസ്താവനയെ ശക്തമായി വിമർശിക്കുകയുമാണ്. കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ റഷ്യയെ പേരെടുത്തുപറഞ്ഞ് വിമർശിച്ചപ്പോൾ, ഇത്തവണത്തെ പ്രഖ്യാപനത്തിൽ ‘യുക്രെയ്നിലെ യുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. ‘യുക്രെയ്നെതിരായ യുദ്ധം’ എന്നുപോലും പറയാത്ത പ്രസ്താവനയെ അതുകൊണ്ടുതന്നെ അംഗീകരിക്കാൻ റഷ്യക്കുപോലും മടി തോന്നിയില്ല എന്നും വിമർശനമുയരുകയാണ്. ‘ഓരോ രാഷ്ട്രത്തിന്റെയും ഭൂമിശാസ്ത്രപരമായ അതിർത്തിയും അഖണ്ഡതയും എല്ലാവരും ആദരിക്കണമെന്ന’ പൊതുപ്രസ്താവനയാണ് വിഷയത്തിൽ ജി20 അംഗീകരിച്ചത്. ലോകത്തു നടക്കുന്ന യുദ്ധങ്ങളുടെ ഫലമായി ഉണ്ടാവുന്ന മാനുഷിക ദുരന്തങ്ങളിൽ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
അതേസമയം, സംയുക്ത പ്രഖ്യാപനം നേട്ടമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അഭിപ്രായപ്പെട്ടു. ‘‘ബാലി പ്രഖ്യാപനത്തെ സംബന്ധിച്ചാണെങ്കിൽ, ഞാൻ പറയും ബാലി ബാലിയാണെന്നും ന്യൂഡൽഹി ന്യൂഡൽഹിയാണെന്നും. അതായത് ബാലി പ്രഖ്യാപനം ഒരു വർഷം മുമ്പാണ് ഉണ്ടായത്’’ -ഞായറാഴ്ച നടന്ന മീഡിയ ബ്രീഫിങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. അതിനുശേഷം ഒരു വർഷം കഴിഞ്ഞുവെന്നും പല കാര്യങ്ങളും സംഭവിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. നേതാക്കളുടേതായി വന്ന പ്രഖ്യാപനത്തിൽ എട്ടു ഖണ്ഡികകൾ ഉണ്ടായിരുന്നതിൽ ഏഴെണ്ണവും യഥാർഥത്തിൽ യുക്രെയ്നെ സംബന്ധിച്ചാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. രാജ്യങ്ങളെ പരസ്പരം ഏറെ വിഭജിച്ചുനിർത്തുന്ന പ്രശ്നമായി യുക്രെയ്ൻ വിഷയം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, റഷ്യയുടെയും ചൈനയുടെയും കടുംപിടിത്തവും ഒപ്പം ഇന്തോനേഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങി ‘ഗ്ലോബൽ സൗത്തി’ലെ പ്രധാന രാജ്യങ്ങളുടെയും സ്വാധീനഫലമായും യുക്രെയ്ൻ വിഷയത്തിൽ യൂറോപ്പിനും അമേരിക്കക്കും പിന്നാക്കംപോകേണ്ടിവന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിമർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.