ലുഹാൻസ്കിലെ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നഭ്യർഥിച്ച് യുക്രെയ്ൻ
text_fieldsലുഹാൻസ്ക്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലെ ജനങ്ങൾ പ്രദേശത്ത് നിന്ന് മാറണമെന്ന് അധികാരികൾ അഭ്യർഥിച്ചു. അഞ്ച് മാനുഷിക ഇടനാഴികൾ വഴി സിവിലിയൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചതിന് ശേഷം ലുഹാൻസ്ക് ഉൾപ്പെടുന്ന ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യം വീണ്ടും സംഘടിത ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു.
പ്രദേശത്തുള്ളവരെ എത്രയും പെട്ടന്ന് മാറ്റുമെന്ന് ലുഹാൻസ്കിന്‍റെ ഗവർണർ സെർഹി ഗൈഡായി അദ്ദേഹത്തിന്‍റെ ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. റഷ്യൻ സേന വെടിനിർത്തൽ പാലിക്കാൻ തയ്യാറാകാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരും സുരക്ഷിതരായിരിക്കുന്ന ഈ സമയത്ത് തന്നെ ഒഴിഞ്ഞ് പോകണമെന്ന് ലുഹാൻസ്കിലെ ജനങ്ങളോട് താൻ അഭ്യർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ ട്രെയ്നുകളും ബസുകളുമെല്ലാം ലഭ്യമാണ്, അതിനാൽ ഈ അവസരം എല്ലാവരും ഉപയോഗിക്കുക -ഗൈഡാൻ പറഞ്ഞു.
പ്രദേശത്തെ യുക്രെയ്ൻ സൈന്യത്തിന്‍റെ പ്രതിരോധം ഭേദിക്കാൻ റഷ്യൻ സൈന്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
യുക്രെയ്നെതിരായ സൈനിക നീക്കത്തിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് റഷ്യ ആവർത്തിക്കുന്നുണ്ടെങ്കിലും യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും ആ വാദത്തെ തള്ളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.