സമാധാനത്തിന്‍റെ വഴിയേ! ഉൾഫയുമായി കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിൽ സമാധാനത്തിലേക്കുള്ള ചുവടുവെപ്പായി പുതിയ കരാർ. യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം (ഉൾഫ) അരബിന്ദ രാജ്കോവ വിഭാഗം കേന്ദ്ര, അസം സർക്കാറുകളുമായി സമാധാന കരാറിൽ ഒപ്പിട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ എന്നിവരുടെ സാന്നിധ്യത്തിൽ ഡൽഹിയിലാണ് കരാർ ഒപ്പിട്ടത്. ഇതോടെ അസമിൽ ദശകങ്ങളായി തുടരുന്ന കലാപം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
ഇവർ സംഘടന പ്രവർത്തനം നിർത്തിവെച്ച് 12 വർഷമായി സർക്കാറുമായി തുടരുന്ന ചർച്ചയാണ് കരാറിന് വഴിവെച്ചത്. അതേസമയം, കടുംപിടിത്തക്കാരായ ഉൾഫയിലെ പരേഷ് ബറൂവ വിഭാഗം സമാധാന കരാറിൽനിന്ന് വിട്ടുനിന്നു. അനധികൃത കുടിയേറ്റം, തദ്ദേശീയ വിഭാഗങ്ങൾക്ക് ഭൂസ്വത്തിലുള്ള അവകാശം, അസമിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ യാഥാർഥ്യമായത്.
ഉൾഫ മുന്നോട്ടുവച്ച ന്യായമായ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സംഘടന എന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. സ്വതന്ത്ര അസം എന്ന ആവശ്യമുന്നയിച്ച് 1979ൽ സ്ഥാപിച്ച ഉൾഫ നിരവധി വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ 1990ൽ സംഘടനയെ നിരോധിച്ചു. പിന്നാലെ നവംബർ 27ന് അസമിൽ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്സ്പ) ഏർപ്പെടുത്തി. 2019ൽ അഫ്സ്പ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.