ഉൾഫ തീവ്രവാദി ആക്രമണം: അഞ്ചു പേർ കൊലപ്പെട്ടു
text_fieldsഗുവാഹത്തി: അസമിലെ തീവ്രവാദ സംഘടനയായ ഉൾഫ (യുനൈറ്റഡ് ലിബറേൻ ഫ്രണ്ട് ഒാഫ് അസം) അഞ്ച് ഗ്രാമവാസികളെ വെടിവെച്ച് കൊന്നു. ഉത്തര അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. ഉൾഫയുടെ പരേഷ് ബറുവ വിഭാഗമായ ഉൾഫ (ഇൻഡിപെഡന്‍റ്) ആക്രമണം നടത്തിയത്. എന്നാൽ, കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടില്ല.
ബംഗാളികളായ ശ്യാംലാൽ ബിശ്വാസ്, അനന്ദ ബിശ്വാസ്, അഭിനേശ് ബിശ്വാസ്, സുബൽ ബിശ്വാസ്, ധനഞ്ജയ് നംസുദ്ര എന്നിവരാണ് ദാരുണ മരണത്തിന് ഇരയായത്. ഖേർബരി ബിസോനിബരി മേഖലയിലെ അഞ്ചുപേരെ തിരഞ്ഞുപിടിച്ച് ലോഹിത് നദിയുടെ തീരത്ത് എത്തിച്ചാണ് വെടിവെച്ച് കൊന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച ബംഗാളി സംഘടനകൾ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, തൃണമൂൽ കോൺഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ വിഘടനവാദം ഉയർത്തി 1979ൽ രൂപം കൊണ്ട സംഘടനയാണ് യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒാഫ് അസം (ഉൾഫ). തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച്, 1990ൽ കേന്ദ്ര സർക്കാർ ഉൾഫയുടെ പ്രവർത്തനങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയിരുന്നു. സായുധ ഏറ്റുമുട്ടൽ വഴി പരമാധികാരമുള്ള അസം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.