ഉമാഭാരതി മന്ത്രിസ്ഥാനം രാജിവെക്കണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയ സാഹചര്യത്തൽ ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാർട്ടി ആവശ്യപ്പെട്ടു. പള്ളി പൊളിച്ച് കാൽ നൂറ്റാണ്ട് കഴിഞ്ഞിെട്ടങ്കിലും നീതി നടപ്പാവുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും കോൺഗ്രസ് പ്രത്യാശിച്ചു.
ദിവസേന വാദം കേൾക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, 2013നു ശേഷം ഇൗ കേസ് 185 തവണ മാറ്റിവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. വിചാരണ ഇനി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളോട് കൂടുതൽ മയമുള്ള സമീപനം കോടതി കാണിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി പരിശോധിക്കേണ്ടതുണ്ടെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. സ്വന്തം ജാമ്യത്തിൽ ഇറങ്ങാൻ അവരെ അനുവദിച്ചിരിക്കുന്നത് പരിശോധിക്കപ്പെടേണ്ടതാണ്. നേരത്തേ കീഴ്കോടതികൾ തള്ളിക്കളഞ്ഞ കുറ്റം സുപ്രീംകോടതിയാണ് പുനഃസ്ഥാപിച്ചതെന്നും വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ കീഴ്കോടതികൾ ചുമത്തിയ അതേ കുറ്റംതന്നെയാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്. സമയം പാഴാക്കാതെ വിചാരണ വേഗം നടക്കണമെന്നും നീതി ഏറ്റവും വേഗം ലഭ്യമാക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം, പാർട്ടി നേതാക്കൾ നിഷ്കളങ്കരാണെന്നും ഒരു പോറൽ പോലുമേൽക്കാതെ കോടതി പിന്നിടുമെന്നും മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. അയോധ്യയിൽ 1990ൽ കർസേവകർക്കു നേരെ നടന്ന പൊലീസ് വെടിവെപ്പ് മുൻനിർത്തി മുൻ മുഖ്യമന്ത്രി മുലായം സിങ്ങിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാർ ആവശ്യപ്പെട്ടു. 16 പേർ അന്ന് കൊല്ലപ്പെട്ടതായി മുലായംതന്നെ പറഞ്ഞിട്ടുണ്ട്. അവരെ കൊലപ്പെടുത്തിയത് മുലായമാണ്. കോടതി തീരുമാനം അംഗീകരിക്കുമെന്നും കത്യാർ കൂട്ടിച്ചേർത്തു. കോടതി നടപടി ക്ഷേത്രനിർമാണ പ്രസ്ഥാനത്തിന് പുതുജീവൻ നൽകിയിരിക്കുകയാണെന്ന് ആർ.എസ്.എസ് നേതാവ് രാകേഷ് സിൻഹ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.