പ്രധാനമന്ത്രിക്കെതിരെ 'ജുംല'എന്ന് ഉപയോഗിക്കുന്നോ? ഉമർ ഖാലിദിനോട് കോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ജുംല (വാചകമടി) എന്ന പദം ഉപയോഗിക്കുന്നോ എന്ന് വിദ്യാർഥി നേതാവ് ഉമർ ഖാലിദിനോട് ഡൽഹി ഹൈകോടതി. വിമർശനത്തിന് ലക്ഷ്മണരേഖ വേണമെന്നും ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസ് രജ്നീഷ് മൃദുൽ അധ്യക്ഷനായ ഹൈകോടതി ബെഞ്ചിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജസ്റ്റിസ് രജ്നീഷ് ഭട്നഗർ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സർക്കാറിനെയും നയങ്ങളെയും എതിർക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഉമർ ഖാലിദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. തൃദീപ് പയസ് പറഞ്ഞപ്പോഴായിരുന്നു ജഡ്ജിയുടെ പ്രതികരണം. ഛംഗാ സി എന്ന് ഉമർഖാലിദ് പറഞ്ഞതിനെയും ജസ്റ്റിസ് ഭട്നഗർ വിമർശിച്ചു. ഇത് ആക്ഷേപ ഹാസ്യമാണെന്നും 'സബ് ഛംഗാ സി' ( എല്ലാം ശരിയാണ്) എന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സാധാരണ പറയുന്നതാണെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. സർക്കാറിനെതിരായ വിമർശനം കുറ്റകൃത്യമാവാൻ പാടില്ല. തന്റെ കക്ഷിയെ യു.എ.പി.എ ചുമത്തി 583 ദിവസമാണ് ജയിലിലിട്ടത്. നമ്മൾ അത്രയും അസഹിഷ്ണുക്കളാകാൻ പാടില്ല. ഇങ്ങനെ പോയാൽ ജനങ്ങൾ എങ്ങനെ സംസാരിക്കുമെന്നും അഭിഭാഷകൻ ചോദിച്ചു.
പ്രസംഗത്തിന്റെ വിഡിയോയിൽ ഉമർ ഖാലിദ് 'ഒട്ടകം മലമുകളിൽ നിന്ന് താഴെ വന്നു' എന്ന് പറയുന്ന ഭാഗം ചൂണ്ടിക്കാട്ടി ഒട്ടകം എന്ന് ഉമർഖാലിദ് പറയുന്നത് ആരെയാണെന്ന് ജസ്റ്റിസ് ഭടന്നഗർ ചോദിച്ചു. സർക്കാറിനെയാണ് ഉദ്ദേശിച്ചതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരുമായി സംസാരിക്കില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ നിലപാട് മാറ്റിയതിനെ ഉദ്ദേശിച്ചാണെന്നും അഭിഭാഷകൻ മറുപടി നൽകി. 'വിപ്ലവം' എന്നും 'വിപ്ലവകാരി' എന്നുമുള്ള രണ്ട് പദങ്ങൾ ഉമർ ഖാലിദ് ഉപയോഗിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് മൃദുൽ ചോദിച്ചു. അമരാവതിയിൽ വിപ്ലവ പ്രസംഗം നടത്താനാണ് തന്നെ വിളിച്ചതെന്ന് ഉമർഖാലിദ് തന്നെ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കുന്നുവെന്നും എന്നാൽ ഉമർ ഖാലിദിന്റെ അമരാവതി പ്രസംഗവും തുടർനടപടികളും ഡൽഹിയിലെ കലാപത്തിന് പ്രേരിപ്പിച്ചോ എന്നതാണ് ചോദ്യമെന്നും കോടതി പറഞ്ഞു. സർക്കാറിനും അതിന്റെ നയങ്ങൾക്കുമെതിരെ നടത്തിയ പ്രസംഗത്തിൽ ഒരിക്കലും ഉമർ ഖാലിദ് അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.