പൗരത്വ സമരം: ഉമർഖാലിദിന് ജാമ്യമില്ല
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി പൊലീസ് കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യ ഹരജി ഡൽഹി കോടതി തള്ളി. മൂന്ന് തവണ വിധി പറയുന്നത് നീട്ടിവെച്ച ശേഷമാണ് ഇന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം നിഷേധിച്ചത്.
2020 സെപ്റ്റംബർ 13നാണ് ഉമർ ഖാലിദ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഉമർ ഖാലിദ് നടത്തിയ പൗരത്വ സമര പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഉമർഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ മാസം വാദം പൂർത്തിയാക്കിയിരുന്നു. ഈ മാസം 14നാണ് വിധി പറയാനിരുന്നത്. എന്നാൽ, പിന്നീട് 21ലേക്ക് മാറ്റി. തുടർന്ന് 23ലേക്കും പിന്നീട് 24ലേക്കും മാറ്റിയ ശേഷമാണ് വിധി പറഞ്ഞത്.
റിപബ്ലിക് ടി.വിയും ന്യൂസ് 18 ചാനലും പ്രചരിപ്പിച്ച ഒരു വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഉമർ ഖാലിദിനെതിരായ കേസ് എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അഡ്വ. തൃദീപ് പയസ് ബോധിപ്പിച്ചിരുന്നു. ഇതേ കേസിൽ പൗരത്വ സമര നേതാക്കളായ മീരാൻ ഹൈദറിന്റെയും ശർജീൽ ഇമാമിന്‍റെയും ജാമ്യഹരജികൾ യഥാക്രമം ഈ മാസം 25ലേക്കും 26ലേക്കും മാറ്റിവെച്ചതാണ്. പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ മുഹമ്മദ് സലീം ഖാനും ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം നിഷേധിച്ചിരുന്നു.
യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നേതാക്കളിൽ ആറ് പേർക്ക് മാത്രമാണ് രണ്ട് വർഷം കഴിഞ്ഞിട്ടും ജാമ്യം ലഭിച്ചത്. കോൺഗ്രസ് വനിതാ നേതാവും മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറുമായ ഇശ്റത്ത് ജഹാൻ, എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ തൻഹ, പിഞ്ച്റ തോഡ് നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, സഫൂറ സർഗർ, ഫൈസാൻ ഖാൻ എന്നിവർക്കാണ് നേരത്തെ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.