ഉമർ ഖാലിദ് ജയിലിലായിട്ട് രണ്ടുവർഷം; പ്രതീക്ഷ കൈവിടാതെ മാതാവ്
text_fieldsന്യൂഡൽഹി: ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദ് ജയിലിലടക്കപ്പെട്ടിട്ട് രണ്ടുവർഷം പൂർത്തിയാകുമ്പോൾ ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കുകയാണ് മാതാവ് സബീഹാ ഖാനും. 2020 സെപ്റ്റംബർ 13നാണ് യു.എ.പി.എ ചുമത്തി ഉമർ ഖാലിദിനെ തടങ്കലിലാക്കിയത്.
മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചായിരുന്നു ഡൽഹി പൊലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ആഴ്ച മകനോട് സംസാരിച്ചിരുന്നെന്നും കെട്ടിച്ചമക്കപ്പെട്ട എല്ലാ കേസിൽനിന്നും കുറ്റമുക്തനായി അവൻ പുറത്തുവരുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ഉമറിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഖാലിദിനെതിരായ കേസ് കേവലം രാഷ്ട്രീയ നോട്ടീസ് മാത്രമാണെന്നും വ്യക്തമായ തെളിവുകളൊന്നും അദ്ദേഹത്തിനെതിരെയില്ലെന്നും അഭിഭാഷകനായ ഷാറൂഖ് ആലം പറഞ്ഞു. തങ്ങളുടെ നയങ്ങളെ ചോദ്യംചെയ്യുന്നവരെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഉമർ ഖാലിദിനെതിരായ നടപടിയെന്ന് ജെ.എൻ.യു യൂനിയൻ പ്രസിഡന്റ് ഐഷാ ഘോഷ് പറഞ്ഞു.
സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെയടക്കം യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.