ചിരിച്ച് യാത്രപറഞ്ഞ് ഉമർ ഖാലിദ് ജയിലിലേക്ക് മടങ്ങി
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപക്കേസ് ചുമത്തി ജയിലിലടച്ച ജെ.എൻ.യു വിദ്യാർഥിനേതാവ് ഉമർ ഖാലിദ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ജയിലിലേക്ക് മടങ്ങി. ഉമർ കുടുംബത്തോട് യാത്രപറഞ്ഞ് ചിരിച്ച് ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് പിതാവും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റുമായ എസ്.ക്യൂ.ആർ. ഇല്യാസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
‘അവന്റെ പെങ്ങളുടെ വിവാഹത്തിൽ പങ്കെടുത്ത് ഉമർ ഖാലിദ് ജയിലിലേക്ക് മടങ്ങി. കുടുംബത്തിനും കൂട്ടുകാർക്കുമൊത്ത് ഉമറിന് കിട്ടേണ്ട ജീവിതത്തിന്റെ ഒരു മിന്നലാട്ടമാണ് ഞങ്ങൾക്ക് കിട്ടിയത്. നീതി പുലരുമെന്ന പ്രതീക്ഷയോടെ ഞങ്ങളിനി കാത്തിരിക്കുകയാണ്’ -പിതാവിനോടും മാതാവിനോടും മറ്റു കുടുംബാംഗങ്ങളോടും കൈവീശി യാത്രപറഞ്ഞ് ചിരിച്ചുകൊണ്ട് ഉമർ ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് എസ്.ക്യൂ.ആർ ട്വിറ്ററിലെഴുതി.
രണ്ട് വർഷം മുമ്പ് വിചാരണത്തടവുകാരനായി ജയിലിലെത്തിയ ഉമറിന് സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ആദ്യമായി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ഏഴ് ദിവസത്തേക്കുള്ള ജാമ്യം. സഹോദരിയുടെ വിവാഹച്ചടങ്ങുകൾക്കായി 14 ദിവസത്തേക്കാണ് ഉമർ ഇടക്കാല ജാമ്യം ചോദിച്ചിരുന്നതെങ്കിലും ഒരാഴ്ച മതിയെന്ന് കോടതി വിധിച്ചു.
മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തില്ലെന്നും ഉമറിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പുനൽകിയ ശേഷമായിരുന്നു ഇത്. രണ്ട് മാസം മുമ്പ് ഡൽഹി ഹൈകോടതി ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു.അതേസമയം, ഉമറിന് മേൽ ചുമത്തിയ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽനിന്ന് അതിന് മുമ്പ് അദ്ദേഹത്തെ കുറ്റമുക്തനാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.