ഡൽഹി കലാപത്തിൻെറ പേരിൽ ആക്റ്റിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു
text_fieldsന്യൂഡൽഹി: ഡൽഹി കലാപത്തിന് ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ച് ആക്റ്റിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദിന് മേൽചുമത്തിയ കുറ്റം.
ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ് കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമർ ഖാലിദ് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് തലസ്ഥാന നഗരിയിൽ രാജ്യത്തെ നടുക്കിയ വർഗീയ കലാപം അരങ്ങേറിയത്. വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്റാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നായിരുന്നു കലാപം തുടങ്ങിയത്. ആകെ 53 പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികൾ അഗ്നിക്കിരയാക്കി.
കലാപത്തിന് തുടക്കമിട്ട കപിൽ മിശ്രക്കെതിരെ ഡൽഹി പൊലീസ് ഇതുവരെ നടപടി എടുത്തില്ല. പകരം, സമാധാനപരമായി സമരം നടത്തിയ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെയാണ് വേട്ടയാടിയത്. സി.എ.എ വിരുദ്ധ സമരക്കാർ ഗൂഢാലോചന നടത്തിയാണ് കലാപം സൃഷ്ടിച്ചതെന്ന് വരുത്തിത്തീർക്കാനാണ് പൊലീസിൻെറ ശ്രമം. വനിതകളടക്കം നിരവധി നേതാക്കളെയാണ് ഇതിനകം അറസ്റ്റ് ചെയ്്ത് ജയിലിലടച്ചത്. എന്നാൽ, സമരത്തിൽ സജീവസാന്നിധ്യമായ ഉമർ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കുന്ന ഒരുതെളിവും സംഘടിപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തൻെറ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി കള്ളമൊഴി ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ഉമർ ഖാലിദ് നേരത്തെ പൊലീസ് കമീഷണർക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നത്.
പരിചയക്കാരിലൊരാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ആഗസ്റ്റ് 29ന് ചോദ്യം ചെയ്തത് ഇതിന് തെളിവായി ഉമർ ഉദ്ധരിച്ചിരുന്നു. ഡൽഹിയിൽ ഗതാഗതം സ്തംഭിപ്പിക്കാൻ താൻ ആഹ്വാനം ചെയ്തുവെന്ന തരത്തിൽ കള്ള സാക്ഷിമൊഴി തയ്യാറാക്കിയ പൊലീസ്, അതിൽ ഒപ്പിടാൻ ഇയാളെ നിർബന്ധിക്കുകയായിരുന്നുവത്രെ. തനിക്കെതിരെ കള്ളക്കേസെടുക്കാൻ പൊലീസ് ഒരുക്കുന്ന തിരക്കഥയുടെ ഭാഗമാണിതെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉമർ ഖാലിദ് പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ കത്തിൽ നടപടി ഒന്നും ഉണ്ടായില്ല.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്കെതിരെയും ഡൽഹി കലാപത്തിൻെറ ഗൂഡാലോചനാ കുറ്റം പൊലീസ് ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.