ഈ കാത്തിരിപ്പുതന്നെ വലിയൊരു ശിക്ഷയാണ് -ഉമർ ഖാലിദ്
text_fieldsപൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിെൻറ പേരിൽ ഡൽഹി കലാപക്കേസിൽ കുടുക്കി തിഹാർ ജയിലിലടക്കപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദ് തടവറയിൽനിന്ന് കൂട്ടുകാർക്കയച്ച കത്ത്
ജയിലിലെ കോവിഡ് ക്വാറൻറീൻ കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു ശേഷമാണ് കേസിൽ എന്നോടൊപ്പം കുറ്റാരോപിതയായ നതാഷയുടെ പിതാവ് മഹാവീർ നട്വാൾ കോവിഡ് ബാധിച്ച് മരണപ്പെട്ട വിവരമറിയുന്നത്.
മഹാവീർജിയെ നേരിട്ട് പരിചയമില്ല. പക്ഷേ, മകൾ അറസ്റ്റിലായ ശേഷം അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. കുടുംബം ഗുരുതര പ്രയാസങ്ങളിലൂടെ നീങ്ങിയ ഘട്ടത്തിലും എത്ര ശാന്തനായും അന്തസ്സോടെയുമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 'ഗൂഢാലോചന' കുറ്റത്തിൽ കുടുക്കപ്പെട്ട നിരപരാധിയായ മകൾക്ക് സമ്പൂർണ പിന്തുണ അറിയിച്ചും ന്യായീകരിച്ചും അവരുടെ സാമൂഹിക പ്രവർത്തനങ്ങളിൽ അഭിമാനമറിയിച്ചുമായിരുന്നു ആ വർത്തമാനങ്ങൾ.
ജയിലിലെ ജീവിതം സാധാരണ കാലത്തുതന്നെ അൽപം ബുദ്ധിമുട്ടാണ്. എട്ടു മാസമായി ഒരു സെല്ലിൽ ഒറ്റക്കാണ് ഞാൻ. ദിവസവും 20 മണിക്കൂറെങ്കിലും പൂട്ടിയിട്ട നിലയിൽ. ആരോഗ്യ പ്രതിസന്ധികൾ വന്നതോടെ ജയിൽ ജീവിതം പതിന്മടങ്ങ് പ്രയാസത്തിലായി. കോവിഡ് രണ്ടാംതരംഗം പടർന്നുപിടിച്ചതിൽപിന്നെ ആശങ്കയൊഴിഞ്ഞ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് ഫോൺ ചെയ്യാൻ അനുവദിക്കപ്പെട്ട അഞ്ചു മിനിറ്റിനും രണ്ടാഴ്ചയിലൊരിക്കൽ ചെയ്യാവുന്ന പത്തുമിനിറ്റ് വിഡിയോ കാളിനുംവേണ്ടി ഞാൻ കാത്തിരിക്കും. സംസാരിക്കാൻ തുടങ്ങുേമ്പാഴേക്കും സമയം അങ്ങ് പാഞ്ഞുപോവുകയും കാൾ മുറിയുകയും ചെയ്യും. ഓരോ സെക്കൻഡിനും ഇത്രമാത്രം വിലയുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.
കഴിഞ്ഞ മാസം ഉമ്മയും നിരവധി ബന്ധുക്കളും കോവിഡ് പോസിറ്റിവ് ആയ വിവരമറിഞ്ഞു. നില അതി ഗുരുതരമായതിനെ തുടർന്ന് അമ്മാവൻ ഐ.സി.യുവിലായിരുന്നു. ഈ വാർത്തകൾക്കിടയിൽ ഒരു ദിവസം രാവിലെ പനിയും ശരീരവേദനയുമായാണ് ഞാൻ ഉണർന്നത്. ജയിലിലെ ഒ.പി വിഭാഗത്തിൽ പോയെങ്കിലും അവർ കുറച്ച് മരുന്നുകൾ നൽകി തിരിച്ചയച്ചു. ലക്ഷണങ്ങൾ കടുത്തതിനെത്തുടർന്ന് ആറു ദിവസത്തിനു ശേഷം ഒരു കോടതി ഉത്തരവിെൻറ ബലത്തിൽ പരിശോധന നടത്തി, പോസിറ്റിവ് ആയിരുന്നു. ഫലം വന്നശേഷം ആവശ്യത്തിന് ചികിത്സ ലഭിച്ചു, ക്വാറൻറീനിലുമായി. ക്വാറൻറീൻ കാലത്ത് വീട്ടിലേക്കുള്ള വിളിയും അനുവദിക്കപ്പെട്ടിരുന്നില്ല. അസുഖം മാറിയപ്പോഴും വീട്ടിലെ അവസ്ഥ എന്തായിരിക്കും എന്നാലോചിച്ച് ഒരു സമാധാനവുമില്ലായിരുന്നു.
ഡൽഹി ഹൈകോടതി നിയോഗിച്ച ഉന്നതതല സമിതി കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കാൻ നിർദേശിച്ച വിവരം ക്വാറൻറീനിലിരിക്കെ വായിച്ചു. പക്ഷേ, യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ടവർക്ക് അത്തരം ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കഴിഞ്ഞ വർഷത്തെ അനുഭവത്തിൽനിന്ന് ഉറപ്പാണ്.
ജാമ്യമാണ് നിയമം, ജയിൽ അപരാധമാണ് എന്ന സുപ്രീംകോടതി നിരീക്ഷണത്തെ അപഹസിക്കുന്ന യു.എ.പി.എ വ്യവസ്ഥകൾ ഒരു കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കൽ അതീവ ശ്രമകരമായ പ്രയത്നമാക്കി മാറ്റുന്നു. ഞങ്ങളുടെ കേസിൽ ആദ്യ അറസ്റ്റ് നടന്നിട്ട് ഇപ്പോൾ 14 മാസമാകുന്നു. ഇന്നേവരെ വിചാരണ തുടങ്ങിയിട്ടുപോലുമില്ല. ഗൂഢാലോചന കേസിൽ കുടുക്കപ്പെട്ട ഞങ്ങൾ 16 പേരും വിചാരണക്ക് മുമ്പുള്ള തടവിലാണ്. ജഡ്ജിമാരും വക്കീലന്മാരുമെല്ലാം അസുഖബാധിതരാവുന്ന ഘട്ടത്തിൽ നടപടിക്രമങ്ങൾ ഇനിയും നീളാനേ തരമുള്ളൂ. സത്യത്തിൽ ഈ പ്രക്രിയ തന്നെ ഒരു കഠിന ശിക്ഷയാണ്.
ഞാൻ സ്വതന്ത്രനായിരുന്നുെവങ്കിൽ...
അസാധാരണ പരിതസ്ഥിതി കണക്കിലെടുത്ത് സർക്കാർ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമോ? അതിനുള്ള സാധ്യതയൊന്നും ഞാൻ കാണുന്നില്ല. പകർച്ചവ്യാധിയുടെ അസാധാരണ സന്ദർഭത്തെ മറയാക്കിയാണല്ലോ കഴിഞ്ഞ വർഷം പ്രതിഷേധങ്ങളെ ഒതുക്കിയതും മാധ്യമശ്രദ്ധ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികളിലേക്ക് തിരിഞ്ഞ തക്കം നോക്കി പൗരത്വ ഭേദഗതി നിയമത്തിെൻറ ഭരണഘടന വിരുദ്ധതക്കെതിരെ ശബ്ദിച്ച ഞങ്ങളെപ്പോലുള്ളവരെ സർക്കാർ അകത്താക്കിയതും.
എന്നാലും ഞാൻ ആലോചിക്കാറുണ്ട്; ഇപ്പോൾ നമ്മൾ സ്വതന്ത്രരായിരുന്നുവെങ്കിൽ തീർച്ചയായും ആവശ്യമുള്ള ആളുകൾക്ക് അവർ ആരെന്നോ എന്തെന്നോ നോക്കാതെ സമാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാമായിരുന്നുവെന്ന്. പക്ഷേ, ഇവിടെയിങ്ങനെ തീർത്തും വഷളായ അവസ്ഥയിൽ രോഗങ്ങളോട് മല്ലിട്ട്, ആശങ്കകളിൽ മുഴുകിക്കഴിയേണ്ടിവരുകയാണിപ്പോൾ. നതാഷയുടെ കാര്യത്തിൽ വ്യക്തിപരമായ ദുരന്തവും സംഭവിച്ചിരിക്കുന്നു.
ജീവനഷ്ടത്തിനു പുറമെ കോവിഡ് ജനങ്ങളുടെ മാനസിക ആരോഗ്യത്തെയും പിടിച്ചുലച്ചിരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ഘട്ടത്തിൽ രാഷ്ട്രീയ തടവുകാരെയും അവരുടെ കുടുംബങ്ങളെയുംകുറിച്ചാലോചിക്കാനും നിങ്ങൾ അൽപസമയം മാറ്റിവെച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
ഒരു വർഷം മുഴുവൻ ജയിലിൽ കഴിഞ്ഞ മകളെ കാണാൻ കൊതിച്ചു കാത്തിരുന്ന മഹാവീർ നട്വാളിന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയേണ്ടിവന്ന അന്ത്യ നിമിഷങ്ങളിൽ പോലും അതിനു സാധിച്ചില്ല. പിതാവിെൻറ അന്ത്യനിമിഷങ്ങളിൽ ഒപ്പം നിൽക്കാൻ അനുവദിക്കപ്പെടാതിരുന്ന നതാഷക്ക് അദ്ദേഹത്തിെൻറ സംസ്കാരം കഴിഞ്ഞ് മൂന്നാഴ്ചകൾക്കകം ജയിലിലേക്ക് മടങ്ങേണ്ടിവരുന്ന കാര്യവും- നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.