ഉമർഖാലിദിന്റെയും ശർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ നവംബർ 25ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 2020ലുണ്ടായ കലാപത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ അടച്ച വിദ്യാർഥി നേതാക്കളായ ഉമർഖാലിദ്, ശർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി. നവംബർ 25 ലേക്കാണ് മാറ്റിയത്. ഇതേ കേസിൽ ജയിലിൽ കഴിയുന്ന സലീംഖാൻ, ശിഫാ ഉ റഹ്മാൻ, ശദാബ് അഹ്മദ്, അത്തർഖാൻ, ഖാലിദ് സൈഫി, ഗുൽഫിശ ഫാത്തിമ എന്നിവരുടെ ജാമ്യ ഹരജികളും 25 ലേക്ക് മാറ്റി.
ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷൈലേന്ദർ കൗർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ തിങ്കളാഴ്ച ഹരജികൾ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ബെഞ്ച് ഇരിക്കാത്തതാണ് വീണ്ടും നീട്ടാൻ കാരണം.ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശർജീൽ ഇമാം നൽകിയ ഹരജി ഹൈകോടതി സെപ്റ്റംബർ നാലിന് തള്ളിയിരുന്നു. ഒക്ടോബർ ഏഴിന് ഹരജി ലിസ്റ്റ് ചെയ്തതിനാൽ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു അന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.
തന്റെ ഹരജി 2022 ഏപ്രിൽ 29 മുതൽ ഏഴ് വ്യത്യസ്ത ഡിവിഷൻ ബെഞ്ചുകൾക്ക് മുമ്പാകെ കുറഞ്ഞത് 62 തവണയെങ്കിലും വാദം കേൾക്കുന്നതിന് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബെഞ്ചുകളുടെ മാറ്റം, ജഡ്ജിമാരുടെ പിൻവാങ്ങൽ, സ്ഥലംമാറ്റം തുടങ്ങി പലകാരണങ്ങളാൽ പരിഗണിക്കുന്നത് വൈകുകയാണെന്ന് ശർജീൽ ഹരജിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. അതിന് പിന്നാലെയാണ് ഒക്ടോബർ ഏഴിനും പരിഗണിക്കാതെ നവംബർ 25 ലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.