ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നു -യു.എൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന കമ്മിറ്റി. മണിപ്പൂരിലേത് ഗുരുതരമായ സാഹചര്യമാണെന്നും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ ആദിവാസികൾക്കും ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരായി ഉണ്ടാവുന്ന അതിക്രമങ്ങൾ എണ്ണിപ്പറയുന്നതാണ് റിപ്പോർട്ട്. 2022ൽ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെട്ട സംഭവത്തിൽ ഇരയായത് ഭൂരിഭാഗവും മുസ്ലിംകളാണ്. ഗോ രക്ഷാഗുണ്ടകളുടെ ആക്രമണത്തിന് മുസ്ലിംകളും ക്രൈസ്തവരും ഒരുപോലെ ഇരയാക്കപ്പെടുകയാണ്. ഗോരക്ഷാ ഗുണ്ടകൾക്ക് ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ ദേശീയ തലത്തിൽ നിയമനിർമാണം നടത്തണമെന്നും കമ്മിറ്റി നിർദേശിക്കുന്നു.
തീവ്രവാദ വിരുദ്ധ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. സർക്കാർ ജീവനക്കാർ പോലും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ആക്രമണങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നത് ഗുരുതര സാഹചര്യമാണ്. ആദിവാസി മേഖലകളിൽ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെയും മുസ്ലിംകളെയും വേട്ടയാടുന്നത് പതിവായി. ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ മതപരിവർത്തനം നടത്തുന്ന പിന്നാക്കക്കാർക്ക് സംവരണം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും ഏജൻസി പറയുന്നു.
പൗരത്വ ബില്ലിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും മുസ്ലിംകളെ പ്രതികൂലമായി ബാധിക്കുന്ന നിബന്ധനകളുണ്ട്. അസമിൽ 20 ലക്ഷം മുസ്ലിംകൾ രാജ്യത്തിന് പുറത്തേക്കുപോവേണ്ട സാഹചര്യമാണ് ഉള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. 18 രാജ്യങ്ങളിൽനിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ അടങ്ങുന്നതാണ് കമ്മിറ്റി. റിപ്പോർട്ടിന് പിന്നാലെ അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നേതൃത്വത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഇന്ത്യയുടെ പ്രതിനിധി സംഘം കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.