മാധ്യമപ്രവർത്തകർ എന്ത് പറഞ്ഞാലും അവരെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് യു.എൻ
text_fieldsന്യൂഡൽഹി: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ. എഴുതുന്നതിന്റെയും പറയുന്നതിന്റെയും ട്വീറ്റ് ചെയ്യുന്നതിന്റെയും പേരിൽ മാധ്യമപ്രവർത്തകരെ ജയിലിലടക്കേണ്ട കാര്യമില്ലെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസിന്‍റെ വക്താവ് സ്റ്റിഫൻ ദുജാറിക് പറഞ്ഞു. ആളുകളെ ഭയപ്പെടുത്താതെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുവദിക്കുക എന്നത് വളരെ പ്രാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2018ൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ സുബൈർ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ലോകത്തെവിടെയും ആർക്കും ഒന്നിനെയും ഭയപ്പെടാതെ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുവദിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാധ്യമപ്രവർത്തകരെ അവരുടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ അനുവദിക്കണം- ദുജാറിക് പറഞ്ഞു.
മാധ്യമപ്രവർത്തകരെ അവർ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിനും ജയിലിൽ അടക്കരുതെന്നും അത് ലോകത്ത് എവിടെ വേണമെങ്കിലും നടക്കുന്നതാണെന്നും സുബൈറിനെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപത്തിൽ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കോടതിയിൽ തെറ്റായ തെളിവുകൾ നിരത്തി എന്നീ കുറ്റങ്ങൾ ചുമത്തി ഗുജറാത്ത് അധികൃതർ ടീസ്റ്റ സെറ്റൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സുബൈറിന്റെ അറസ്റ്റ്. സാമൂഹിക പ്രവർത്തകയായ സെറ്റൽവാദിന്റെ അറസ്റ്റിലും യു.എൻ മനുഷ്യാവകാശ ഏജൻസി ആശങ്ക പ്രകടിപ്പിക്കുകയും അവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.