സാമ്പത്തിക ഇടനാഴി: ഇന്ത്യ-പാക് സംഘർഷം വർധിപ്പിക്കുമെന്ന് യു.എൻ
text_fieldsബാങ്കോക്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി പുതിയ ഭൂരാഷ്ട്ര സംഘർഷത്തിന് ഇത് കാരണമാകുമെന്ന് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കശ്മീർ വിഷയത്തിലുള്ള ഇന്ത്യ-പാക് വാദപ്രതിവാദങ്ങളിലും രാഷ്ട്രീയ അസ്ഥിരതക്കും കൂടുതൽ അഗ്നി പകരാൻ സാമ്പത്തിക ഇടനാഴി വഴിവെക്കുമെന്ന് റിപ്പോർട്ട് ആശങ്കപ്പെടുന്നു.
യുഎന്നിന്‍റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ ഏഷ്യ ആൻഡ് ദ് ഫസഫിക് (എസ്കേപ്) ആണ് 'ദ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ആൻഡ് റോൾ ഒാഫ് എസ്കേപ്' എന്ന തലക്കെട്ടിൽ റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, പുതിയ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്താനിലെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകരമാണെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.
ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ച് ചൈന നടപ്പാക്കുന്ന ഗതാഗത പദ്ധതിയുടെ ഭാഗമായി പ്രസിഡൻറ് ഷി ജിൻപിങ്ങാണ് ബെയ്ജിങ്ങിൽ ബെൽറ്റ്-റോഡ് ഫോറം ഉച്ചകോടി വിളിച്ചു ചേർത്തിരുന്നു. 'ബെൽറ്റ് ആൻഡ് റോഡ്' സംരംഭത്തിെൻറ ഭാഗമായ ചൈന-പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂടെ കടന്നു പോകുന്നതിൽ പ്രതിഷേധിച്ച് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചു.
നൂറ്റാണ്ടിെൻറ പദ്ധതിയെന്നാണ് 'വൺ ബെൽറ്റ് വൺ റോഡ്' സംരംഭത്തെ ചൈന വിശേഷിപ്പിക്കുന്നത്. 900 ബില്യൺ യു.എസ് ഡോളറാണ് ഏഷ്യയിലും പുറത്തുമായി വ്യാപാരവും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്തുക എന്ന ‘ആധുനിക പട്ടുപാത’ പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. ഇതിനായി പദ്ധതിയുടെ ഭാഗമാവുന്ന രാജ്യങ്ങളിൽ പ്രതിവർഷം ഒമ്പതു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യത്തിന് നിക്ഷേപിക്കുമെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്.
സിൽക് റോഡ് സാമ്പത്തിക ഇടനാഴി, 21ാം നൂറ്റാണ്ടിലെ 'സമുദ്ര പട്ടുപാത' എന്നിങ്ങനെ രണ്ട് ഇടനാഴികളാണ് ചൈന വിഭാവനം ചെയ്യുന്നത്. ചൈനയുടെ നേതൃത്വത്തിലുള്ള നവ കൊളോണിയലിസത്തിനുള്ള നീക്കമാണ് പദ്ധതിയെന്നാണ് വിമർശകരുടെ വാദം. ഇന്ത്യ പദ്ധതിയുടെ ഭാഗമാകണമെന്നാണ് ചൈനയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.