ഹരിയാനയിലെ ഗ്രാമത്തിൽ നിന്ന് ലക്ഷം പേരെ കുടിയൊഴിപ്പിക്കുന്നത് മഴക്കാലത്ത് നിർത്തിവെക്കണമെന്ന് യു.എൻ
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഖോരി ഗ്രാമത്തിൽ നിന്ന് ഒരു ലക്ഷം പേരെ കുടിയൊഴിപ്പാനുള്ള നടപടി മൺസൂൺ കാലത്ത് നിർത്തിവെക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധർ. കുടിയൊഴിപ്പിക്കാനുള്ള പദ്ധതി പുന:പരിശോധിക്കണമെന്നും ആരും ഭവനരഹിതരാകാതിരിക്കാൻ താമസക്കാരെ നിയമപരമായി അംഗീകരിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ആരവല്ലി വനമേഖലയിൽ കുടിയേറി ചേരികെട്ടി താമസിക്കുന്ന ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ ജൂൺ ഏഴിന് സുപ്രീംകോടതി ഫരീദാബാദ് കോർപറേഷന് നിർദേശം നൽകിയിരുന്നു. വനമേഖല തിരിച്ചുപിടിക്കുന്നതിൽ ഇളവുകൾ നൽകരുതെന്നും ജൂലൈ 19നകം മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കണമെന്നുമാണ് കോടതി നിർദേശം.
അനധികൃത നിർമാണങ്ങൾ തകർത്തുള്ള ഒഴിപ്പിക്കൽ നടപടി കോർപറേഷൻ തുടരുകയാണ്. 172 ഏക്കർ വനഭൂമിയിലാണ് ജനങ്ങൾ വീടുകെട്ടി താമസിക്കുന്നത്. 10,000ത്തോളം വീടുകളാണ് ഇവിടെ സർക്കാർ ഇടിച്ചുനിരത്താനൊരുങ്ങുന്നത്.
അതേസമയം, യു.എൻ വിദഗ്ധർ ഇത്തരമൊരു പ്രസ്താവനയിറക്കിയതും സുപ്രീംകോടതിക്കെതിരെ അനാദരവോടെയുള്ള പരാമർശം നടത്തിയതും ദൗർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഏതൊരു ജനാധിപത്യ സമൂഹത്തിലും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിന്‍റെ പ്രാധാന്യം മനസിലാക്കാൻ ആത്മാർഥമായ ശ്രമങ്ങൾ നടത്തണം. അതിനെ ദുർബലപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യ മറുപടിയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളെ കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ടെന്നും അത് പൂർണമായും നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.