മേൽജാതിക്കാരുടെ ഭീഷണി വീണ്ടും; ഉന ഇരകൾ ബുദ്ധമതത്തിലേക്ക് മാറി
text_fieldsന്യൂഡൽഹി: രണ്ടുവർഷം മുമ്പ് ചത്ത പശുവിെൻറ തൊലിയുരിഞ്ഞെന്നു പറഞ്ഞ് ഗോരക്ഷക ഗുണ്ടകളുടെ കൊടിയ പീഡനത്തിനിരയായ ഉന സംഭവത്തിലെ ഇരകളടക്കം 300 പേർ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിച്ചു. ഉനയിൽനിന്ന് 15 കി.മീറ്റർ മാറി ഇവരുടെ ജന്മനാടായ മോട്ട സമാധിയാലയിൽ നടന്ന ചടങ്ങിലാണ് മതപരിവർത്തനം. കഴിഞ്ഞ ദിവസവും മേൽജാതിക്കാർ ഇവരെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പൊതുവേദി സംഘടിപ്പിച്ച് പുതിയ മതം സ്വീകരിക്കുന്നതായി ഇവർ പ്രഖ്യാപിച്ചത്.
ദലിത് വിഭാഗക്കാരായ നാലു യുവാക്കൾ അതിക്രൂര മർദനത്തിനിരയായി ഏറെക്കഴിഞ്ഞും സംസ്ഥാന സർക്കാർ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുകയോ ഇരകൾക്ക് സഹായമെത്തിക്കുകയോ ചെയ്തില്ലെന്ന് മത പരിവർത്തനത്തിനു ശേഷം ഇവർ പറഞ്ഞു. ‘ധർമ ദീക്ഷ മഹോത്സവ്’ എന്ന പേരിൽ നടന്ന ചടങ്ങിൽ ജിഗ്നേഷ് മേവാനി എം.എൽ.എ ഉൾപ്പെടെ പ്രമുഖരുടെ അഭാവം ശ്രദ്ധേയമായി.
2016 ജൂലൈ 11നാണ് ഗുജറാത്തിലെ ഉനക്കു സമീപം മോട്ട സമാധിയാലയിൽ നാല് ദലിതർ അതിക്രൂര ആക്രമണത്തിനിരയായത്. ചത്ത പശുവിെൻറ തൊലിയുരിഞ്ഞെന്നു പറഞ്ഞ് ഗോരക്ഷക ഗുണ്ടകൾ ബാലു സർവയ്യ എന്നയാളുടെ വീട് ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെയും മറ്റുള്ളവരെയും തെരുവിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി വൈറലായതോടെയാണ് രാജ്യം മുഴുക്കെ പ്രതിഷേധം ശക്തമായത്. 43 പേരെ സംഭവത്തിെൻറ പേരിൽ പ്രതിചേർത്തെങ്കിലും എല്ലാവരും ജാമ്യത്തിൽ ഇറങ്ങി. ഇവർ ഇപ്പോഴും ഭീഷണിയുമായി രംഗത്തുവന്നതാണ് ഇരകളെ ചൊടിപ്പിച്ചത്. ബാലു സർവയ്യ കുടുംബത്തോടൊപ്പം മതം മാറി. കഴിഞ്ഞ ജനുവരിയിൽ തന്നെ സർവയ്യ മതപരിവർത്തനം പ്രഖ്യാപിച്ചിരുന്നു. വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നടന്ന പരിപാടിക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഉന പട്ടണവും ശക്തമായ സുരക്ഷാ വലയത്തിലായിരുന്നു.
മുംബൈയിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും വന്ന മൂന്ന് ബുദ്ധ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉന താലൂക്കിലെ വിവിധ കുടുംബങ്ങളാണ് മതം മാറിയത്. ഉയർന്ന ജാതിക്കാരിൽനിന്ന് ഇപ്പോഴും കടുത്ത വിവേചനം തുടരുകയാണെന്നും ചത്ത പശുവിെൻറ തൊലി ഉരിയൽ കുലത്തൊഴിലായതിനാൽ ഇനിയും തുടരുമെന്നും പരിപാടിക്കുശേഷം സർവയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.