ആശുപത്രികളിൽ പ്രവേശനം ലഭിച്ചില്ല; 100ഓളം അശരണർക്ക് ആശ്രയമായിരുന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ ഡോക്ടർ ഓക്സിജൻ ലഭിക്കാതെ മരിച്ചു. 60കാരനായ ഡോ. പ്രദീപ് ബിജാൽവനാണ് ശരീരത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കിടക്ക ഒഴിവില്ലാത്തതിനാൽ വീട്ടിൽ സ്വയം ചികിത്സക്ക് തയാറാകുകയായിരുന്നു.
ഒരു പതിറ്റാണ്ടായി ഡൽഹിയിലെ അശരണരായ ആളുകളുടെ ചികിത്സക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി സമയത്തും ജനങ്ങളെ സഹായിക്കാൻ അദ്ദേഹം മുന്നോട്ടുവന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ മന്ദറുമായി ചേർന്നുപ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
തെരുവോര ആരോഗ്യ സുരക്ഷയുടെ ഭാഗമായായിരുന്നു പ്രവർത്തനം. ഇതിലൂടെ ഡൽഹിയിലെ ഭവന രഹിതരായ ആളുകളെ എല്ലാദിവസവും രാത്രി ആരോഗ്യ പ്രവർത്തകർക്കൊപ്പം സന്ദർശിക്കുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്തിരുന്നു. 100ഓളം ഭവനരഹിതർക്ക് ആശ്രയമായിരുന്നു ഇദ്ദേഹം. ആവശ്യക്കാർക്ക് സമയം നോക്കാതെ സഹായം എത്തിച്ചുനൽകുന്ന വ്യക്തിയായിരുന്നു ഡോക്ററെന്ന് ഹർഷ മന്ദർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
കോവിഡ് ബാധിതരെയും ക്ഷയരോഗ ബാധിതരെയും ചികിത്സിക്കാൻ ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അതിനിടെ ഡോക്ടർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഒരു ഡോക്ടറായതിനാൽ തന്നെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ബോധവാനായിരുന്ന അദ്ദേഹം ചികിത്സക്ക് ആശുപത്രികളെ സമീപിച്ചെങ്കിലും കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശനം ലഭിച്ചില്ല. ഇതോടെ വീട്ടിൽ സ്വയം ചികിത്സിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഓക്സിജൻ ലഭ്യമല്ലാതായതോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.