ആംബുലൻസിന് പണമില്ല; ബംഗാളിൽ കുഞ്ഞിന്‍റെ മൃതദേഹം ബാഗിലിട്ട് പിതാവ് ബസിൽ വീട്ടിലേക്ക് മടങ്ങി
text_fieldsകൊൽക്കത്ത: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ മരിച്ച അഞ്ചുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ബാഗിലിട്ട് പിതാവ് വീട്ടിലേക്ക് പോകേണ്ടിവന്നു. ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. മൃതദേഹവുമായി ശനിയാഴ്ച രാത്രി ബസിൽ കയറിയ പിതാവ് അസിം ദേബ്ശർമ ഞായറാഴ്ച വൈകീട്ടോടെയാണ് വീട്ടിലെത്തിയത്.
സിലിഗുരിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കാളിഗഞ്ചിലാണ് അസിം ദേബ്ശർമയുടെ വീട്. അഞ്ച് മാസം മുമ്പാണ് ഇയാളുടെ ഭാര്യ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മേയ് എഴിന് രണ്ട് കുട്ടികളെയും അസുഖത്തെ തുടർന്ന് റായ്ഗഞ്ചിലെ ആശുപത്രിയിലാക്കി. അസുഖം വർധിച്ചതോടെ സിലിഗുരിയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരു കുഞ്ഞിന്‍റെ അസുഖം ഭേദമായതോടെ മേയ് 10ന് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങി.
ശനിയാഴ്ച രണ്ടാമത്തെ കുഞ്ഞ് മരിക്കുകയായിരുന്നു. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും 8000 രൂപയാണ് ചാർജായി ആവശ്യപ്പെട്ടത്. ഇത്രയും പണം കൈയിലുണ്ടായിരുന്നില്ല. തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം പൊതിഞ്ഞ് മൂടി ബാഗിലാക്കി രാത്രി ബസിൽ കയറുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിയ ശേഷമാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.
എന്നാൽ, അസിം ദേബ്ശർമ ആംബുലൻസിന് വേണ്ടി തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. ബംഗാളിലെ എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. നിർഭാഗ്യകരമായ സംഭവമാണെന്നും പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും തൃണമൂൽ എം.പി ശാന്തനു സെൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.