സീറ്റ് പങ്കുവെക്കുന്നതിൽ ഒരു തീരുമാനമുണ്ടാകട്ടെ; എന്നിട്ടാകാം ഭാരത് ജോഡോ ന്യായ് യാത്ര -നയം വ്യക്തമാക്കി അഖിലേഷ് യാദവ്
text_fieldsലഖ്നോ: സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. കോൺഗ്രസുമായുള്ള സീറ്റ് പങ്കുവെക്കൽ ചർച്ചയിൽ ധാരണയിലെത്തിയിട്ടേ യാത്രയിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് അഖിലേഷിന്റെ നിലപാട്.
സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുപാർട്ടികളും ഇതു സംബന്ധിച്ച പട്ടികകൾ സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് കഴിഞ്ഞാലുടൻ സമാജ് വാദി പാർട്ടി കോൺഗ്രസിന്റെ ന്യായ് യാത്രയിൽ പങ്കെടുക്കും.-അഖിലേഷ് യാദവ് പറഞ്ഞു.
തിങ്കളാഴ്ച അമേത്തിയിലൂടെയാണ് യാത്ര കടന്നുപോവുക. അതിനു ശേഷം രാഹുലും സംഘവും റായ്ബറേലിയിലെത്തും. റായ്ബറേലിയിൽ വെച്ച് ന്യായ് യാത്രയിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തേ അഖിലേഷ് യാദവ് പറഞ്ഞത്.
സീറ്റുകളുടെ എണ്ണവും സ്ഥാനാർഥികളെ കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ചില സീറ്റുകളിൽ രാഹുലിന് കടുംപിടിത്തമുണ്ട്. ഇതാണ് സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ച നീളാൻ കാരണം.-സമാജ്‍വാദി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അഖിലേഷ് യാദവുമായി രാഹുലും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയുമാണ് അനുരഞ്ജന ചർച്ച നടത്തുന്നത്. യാത്രയിൽ പങ്കെടുക്കാനുള്ള ഖാർഗെയുടെ ക്ഷണം സ്വീകരിച്ചതായി നേരത്തേ അഖിലേഷ് യാദവ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു.അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 11 സീറ്റുകൾ വിട്ടുനൽകുമെന്നാണ് എസ്.പിയുടെ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.