അവരെത്തേടി ആരുമെത്തിയില്ല; ഒടുവിൽ മോർച്ചറികളിൽനിന്ന് ആ മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്ക്...
text_fieldsമുംബൈ: ഏറ്റുവാങ്ങാൻ അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർദേശം നൽകി മുംബൈ പൊലീസ്. ഇന്നത്തെ സാഹചര്യത്തിൽ ഈ മൃതദേഹങ്ങൾ മോർച്ചറികളിൽ കൂടുതൽ ദിവസം അവകാശികളെ കാത്ത് സൂക്ഷിക്കാൻ കഴിയില്ലെന്ന ആശുപത്രികളുടെ ആവശ്യം പരിഗണിച്ചാണ് പൊലീസിെൻറ ഇടപെടൽ. ഇതിെൻറ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചുതുടങ്ങി.
മിഡ്ഡേ ദിനപത്രമാണ് അനാഥ മൃതദേഹങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. ഈ മൃതദേഹങ്ങൾ സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫോറൻസിക് സർജന്മാർ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ എഴുപതോളം മുതദേഹങ്ങളാണ് സംസ്കരിച്ചത്. ഇവയിൽ പലതും അഴുകിയ നിലയിലായിരുന്നു. കഴിഞ്ഞ മൂന്നു ദിവസം മാത്രം 33 അനാഥ മൃതദേഹങ്ങൾ സംസ്കരിച്ചതായി മിഡ്ഡേ റിപ്പോർട്ട് ചെയ്യുന്നു. ഹവിൽദാർ ഡി.പി. വാരെയും രണ്ടു സഹായികളും ചേർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്.
മുംബൈയിലെ 94 പൊലീസ് സ്റ്റേഷനുകളിൽ മിക്കതും ഈയാവശ്യത്തിനായി തന്നെ വിളിക്കുന്നുണ്ടെന്ന് വാരെ പറയുന്നു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് ഇങ്ങനെയൊരു നിർദേശം ലഭിച്ചതുമുതൽ സ്റ്റേഷനുകളിൽനിന്ന് നിർത്താതെ വിളി വരുന്നുണ്ട്. തെൻറ സഹായികൾക്കുള്ള പി.പി.ഇ കിറ്റ് വൈകിയാണെങ്കിലും ലഭിച്ചതിലുള്ള സന്തോഷവും വാരെ പങ്കുവെക്കുന്നു.
തിരിച്ചറിയാനാകാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങൾ അപകടമരണങ്ങളുടെ ഗണത്തിൽപെടുത്തി സംസ്കരിക്കാനാണ് നിർദേശം. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ 15 ദിവസത്തിനകം സംസ്കരിക്കാനുള്ള സ്ഥിരമായ സംവിധാനം തയാറാക്കണമെന്നും അസി. കമീഷണർ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന് ഇതിെൻറ ചുമതല നൽകണമെന്നും സിയോൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ തലവൻ ഡോ. രാജേഷ് ധേരെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.