ഇരട്ടപദവി: 20 എ.എ.പി എം.എൽ.എമാർ രാഷ്ട്രപതിയെ കാണും
text_fieldsന്യൂഡൽഹി: ഇരട്ടപദവിയെ തുടർന്ന് 20 എം.എൽ.എമാരെ അയോഗ്യരക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി രാഷ്ട്രപതിയെ സമീപിക്കും. അയോഗ്യരാക്കപ്പെട്ട 20 എം.എൽ.എമാരുമായി രാഷ്ട്രപതിയെ രാംനാഥ് കോവിന്ദിനെ കാണാനാണ് എ.എ.പി തീരുമാനം. എ.എ.പി നേതാവും മന്ത്രിയുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ, തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും എ.എ.പി തീരുമാനിച്ചിട്ടുണ്ട്.
ഇരട്ടപദവി വിഷയത്തിൽ എം.എൽ.എമാരുടെ ഭാഗം തെരഞ്ഞെടുപ്പ് കമീഷൻ കേൾക്കാൻ തയാറായില്ലെന്ന് കഴിഞ്ഞ ദിവസം എ.എ.പി ആരോപിച്ചിരുന്നു. ഡൽഹിയിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ കെജ്രിവാൾ സർക്കാറിനെ കേന്ദ്രം നോട്ടമിട്ടിരിക്കുകയാണെന്ന് സിസോദിയ ചൂണ്ടിക്കാട്ടി.
എം.എൽ.എയായിരിക്കേ പ്രതിഫലം പറ്റുന്ന അന്യപദവി വഹിച്ചതിന് ഡൽഹിയിൽ ഗതാഗതമന്ത്രി കൈലാശ് ഗെഹ്ലോട്ട് അടക്കം 20 ആപ് എം.എൽ.എമാരെ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയത്. ഭരണഘടനപദവി വഹിക്കുന്നതിന് പുറമേ, പാർലമെന്ററി സെക്രട്ടറി പദവിയടക്കം സർക്കാറിന്റെ ശമ്പളം, വാഹനം, യാത്രബത്ത തുടങ്ങി ഇരട്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന പദവി വഹിച്ചു എന്ന പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.