സുകുമാരക്കുറുപ്പ് മോഡൽ കൊലയുമായി മധ്യപ്രദേശിലെ ആർ.എസ്.എസ് നേതാവ്; ബി.ജെ.പി വെട്ടിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ആർ.എസ്.എസ് നേതാവ് ഹിമ്മത് പാട്ടിദാറിൻെറ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. 20 ലക്ഷത്തിൻ െറ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഇയാൾ തന്നെയാണ് സുകുമാരക്കുറുപ്പ് മോഡലിൽ സ്വന്തം കൊലപാതകം സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഹിമ്മത് പാട്ടിദാറിൻെറ ജീവനക്കാരനായ മദൻ മാളവ്യയാണ് കൊല്ലപ്പെട്ടത്. ഡി.എൻ.എ ടെസ്റ്റിലാണ് ഇക്ക ാര്യം വ്യക്തമായത്.
ജനുവരി 23ന് ഹിമ്മത്തിൻെറ പിതാവ് ആണ് മകൻെറ "മരണം" പൊലീസിനെ അറിയിച്ചത്. നിരവധി മുറിവുകളോടെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഹിമാത് പാട്ടിദാറിൻെറ വസ്ത്രമായിരുന്നു മരിച്ചയാൾ ധരിച്ചിരുന്നത് . ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് നായ്ക്കളുമൊക്കെ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. വിശദ അന്വേഷണത്തിനായി അഞ്ച് പൊലീസ് ടീമുകൾ പിന്നീട് രൂപീകരിച്ചു. ഹിമ്മത്തിന്റെ ഐ-കാർഡ്, ആധാർ കാർഡ്, എ.ടി.എം. കാർഡ്, ഡയറി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, വായ്പ, ഇൻഷുറൻസ് എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു. ഡയറിയിൽ തൻെറ കുടുംബത്തിന് ലഭിക്കാൻ പൊകുന്ന ഇൻഷുറൻസ് സംബന്ധിച്ച വിശദാംശങ്ങളുണ്ടായിരുന്നു. ഇയാളുടെ ഷൂവും രക്തം പതിഞ്ഞ ബെൽറ്റും സമീപത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. ഹിമ്മതിൻെറ ബൈക്ക് അടുത്ത് തന്നെ പാർക്ക് ചെയ്ത നിലയിലായിരുന്നു.
കൊല നടക്കുന്നതിൻെറ തലേ ദിവസമായ ജനുവരി 22 മുതൽ ഹിമ്മതിൻെറ കൃഷിയിടത്തിൽ ജോലിചെയ്തിരുന്ന മദൻ മാളവ്യയെ കാണാതായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാളവ്യയെ അന്വേഷിച്ചുതുടങ്ങിയ പോലീസ് 500 മീറ്റർ ചുറ്റളവിൽ ചെളിയിൽ പതിഞ്ഞ മാളവ്യയുടെ വസ്ത്രവും ഷൂസും കണ്ടെത്തി. ഇത് മാളവ്യയുടെ കുടുംബം തിരിച്ചറിഞ്ഞു. ഹിമ്മത്തിൻെറ ബൈക്ക് ഫൂട്ട് റസ്റ്റിലെ ഷൂ പ്രിൻറുകൾ മാളവ്യയുടെ ഷൂസിലെതാണെന്നും കണ്ടെത്തി. കൊലപാതകം നടന്ന ദിവസം പുലർച്ചെ 4.30ന് ഹിമ്മതിൻെറ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് കോൾ രേഖകളിൽ വ്യക്തമായി. വെള്ളം പമ്പ് ചെയ്യാനായി രാത്രി ഹിമ്മത് പതിവായി വയലിൽ എത്താറുണ്ടായിരുന്നെന്നും പോലീസ് മനസ്സിലാക്കി. എന്നാൽ കൊല നടന്ന ദിവസം പമ്പ് ഒാൺ ചെയ്തിരുന്നില്ല. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. മുഖം കത്തിച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മൃതദേഹത്തിലെ അടിവസ്ത്രം പിന്നീട് മാളവ്യയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.
2018 ഡിസംബർ 17ന് ഹിമ്മത് 20 ലക്ഷം രൂപക്ക് ലൈഫ് ഇൻഷുറൻസ് എടുത്തിരുന്നു. ഇയാൾക്ക് 10 ലക്ഷം കടം ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. പണമിടപാടുകാരിൽ നിന്നും രക്ഷപ്പെടാനാണ് സിനിമകളെ വെല്ലുന്ന തരത്തിൽ കൊലപാതക പദ്ധതിക്ക് ഹിമ്മതിനെ പ്രേരിപ്പിച്ചത്. ഒളിവിലുള്ള ഹിമ്മതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചു.
വിഷയത്തിൽ കോൺഗ്രസ് സർക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബി.ജെ.പിയും ഇതോടെ വെട്ടിലായി. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കോൺഗ്രസ് സർക്കാരിനെതിരെ നിശിത വിമർശവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെടുകയാണെന്നായിരുന്നു ആരോപണം. എല്ലാ സംഭവങ്ങളും രാഷ്ട്രീയവത്കരിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മധ്യപ്രദേശിലെ ഭരണമാറ്റത്തെ അംഗീകരിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല. ബി.ജെ.പി ഇവിടെ നിയമം കയ്യിലെടുക്കുകയാണെന്നും ആഭ്യന്തരമന്ത്രി ബാല ബച്ചൻ പ്രതികരിച്ചു. ഈ സംഭവത്തിന് മുൻപ് മന്ദ്സൗറിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ബന്ദേശ്വർ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ബി.ജെ.പി പ്രവർത്തകനായ മനീഷ് ഭൈരഗിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.