സ്വത്വം മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുന്നവർക്ക് 10 വർഷം വരെ തടവ്; പാർലമെന്റിൽ പുതിയ ബില്ല് അവതരിപ്പിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: 1860ലെ ഇന്ത്യൻ പീനൽ കോഡിന് (ഐ.പി.സി) പകരമുള്ള ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് ബിൽ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു. അതനുസരിച്ച് സ്വത്വം (ഐഡന്റിറ്റി) മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്ന പുരുഷൻമാർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
വ്യാജ വാഗ്ദാനങ്ങൾ നൽകി ബലാത്സംഗം ചെയ്യുന്ന പരാതികളിൽ നിലവിൽ ഐ.പി.സി.യിൽ പ്രത്യേക വകുപ്പുകൾ ഉണ്ടായിരുന്നില്ല. ഇതാദ്യമായിട്ടാണ് വ്യാജ വാഗ്ദാനങ്ങൾ നൽകി ബലാത്സംഗം ചെയ്യുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് മൂന്നു പുതിയ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചത്.
വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട മൂന്ന് ബില്ലുകൾ നിയമമായാൽ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872ലെ ഇന്ത്യൻ തെളിവ് നിയമവും ഇല്ലാതാവും. പകരം യഥാക്രമം ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ വരും.
കൂട്ടബലാത്സംഗക്കേസുകളിൽ 20 വർഷം തടവാണ് പരമാവധി ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷയും ലഭിക്കും.
ബില്ലിൽ പറയുന്നതനുസരിച്ച് ബലാത്സംഗത്തിനിടെ ഒരു സ്ത്രീ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലാവുകയോ ചെയ്താൽ, കുറ്റവാളിയെ 20 വർഷത്തിൽ കുറയാത്ത കഠിന തടവിന് ശിക്ഷിക്കും.
12 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നയാൾക്ക് 20 വർഷത്തിൽ കുറയാത്ത കഠിന തടവിന് ശിക്ഷിക്കപ്പെടും. ബലാത്സംഗം ചെയ്യുന്ന ഏതൊരാൾക്കും 10 വർഷത്തിൽ കുറയാത്ത കഠിനതടവ് ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.