ആ വൈറൽ വീഡിയോക്ക് പിന്നിൽ ഇവരാണ്; ലക്ഷദ്വീപിന്‍റെ പ്രതിഷേധം കടലിനടിയിൽ എത്തിച്ചവർ
text_fieldsകവരത്തി: ചരിത്രത്തിലെ ആദ്യ സമ്പൂർണ ഹർത്താലിനാണ് തിങ്കളാഴ്ച ലക്ഷദ്വീപ് സാക്ഷ്യം വഹിച്ചത്. ആ പ്രതിഷേധത്തിന്‍റെ സന്ദേശം പുറംലോകത്തെത്തിക്കാൻ അഞ്ച് വിദ്യാർഥികൾ നടത്തിയ ശ്രമം ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. കടലിനടിയിൽ പോസ്റ്ററുകളും കരിങ്കൊടിയും പിടിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിന്‍റെ വിഡിയോ തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
'ലക്ഷദ്വീപിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന പോസ്റ്ററും സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ സമരസന്ദേശവും കരിങ്കൊടിയും പിടിച്ചാണ് ഇവർ കടലിൽ മുങ്ങിയത്. രണ്ട് വിദ്യാർഥി സംഘടനയുടെ പ്രതിനിധികൾ സംയുക്തമായാണ് ഈ വ്യത്യസ്ത സമരം സംഘടിപ്പിച്ചത്. ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷനും (എൽ.എസ്.എ) നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യയുമാണ് (എൻ.എസ്.യു.ഐ) സമരത്തിന് നേതൃത്വം നൽകിയത്. എൽ.എസ്.എ പ്രതിനിധികളായ മുക്ബീൽ, സാബിത്ത്, എൻ.എസ്.യു.ഐ പ്രതിനിധി എം.ഐ. നസീബ്, വിദ്യാർഥികളായ നസീം, വഹീദ് എന്നിവരാണ് ഇതിൽ അണിനിരന്നത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ദ്വീപ് നിവാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വൻ ജനപിന്തുണയാണ് ലഭിച്ചത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ നടന്ന നിരാഹാര സമരത്തിൽ വീടുകളിലിരുന്ന് കുട്ടികളും പ്രായമായവരും പങ്കെടുത്തു. തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കിയില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.