ഛോട്ടാ രാജൻ ജീവിച്ചിരിപ്പുണ്ടോ? ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി അധോലോക നായകൻ്റെ ഫോട്ടോ പുറത്ത്
text_fieldsന്യൂഡൽഹി: തിഹാർ ജയിലിൽ തടവിൽ കഴിയുന്ന അധോലോക നായകൻ ഛോട്ടാ രാജൻ്റെ ചിത്രം പുറത്തുവന്നു. ബാലി വിമാനത്താവളത്തിൽ വെച്ച് 2015 ഒക്ടോബറിലായിരുന്നു നാടകീയമായി രാജനെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മാസം ഇന്തോനേഷ്യയിലെ ജയിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ഒമ്പത് വർഷത്തിന് ശേഷമാണ് ഛോട്ടാ രാജൻ്റെ ഫോട്ടോ ആദ്യമായി പുറത്തുവരുന്നത്.
പുറത്തുവന്ന ചിത്രത്തിൽ രാജനെ ആരോഗ്യവാനായാണ് കാണപ്പെടുന്നത്. എന്നാൽ, കൊവിഡ് മഹാമാരിയുടെ സമയത്ത് രാജൻ മരിച്ചതായുള്ള പ്രചാരണം വന്നിരുന്നു. മാത്രമല്ല, ജയിലിൽ വച്ച് രാജനെ കൊല്ലുമെന്ന് ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ വരികയുണ്ടായി. ഒരുകാലത്ത് ദാവൂദിന്റെ വലംകൈയ്യായിരുന്നു രാജൻ, എന്നാൽ, ഇപ്പോൾ ശത്രുപക്ഷത്താണ്.
തിഹാർ ജയിലിലെ അതീവ സുരക്ഷാ സെല്ലായ ജയിൽ നമ്പർ രണ്ടിലാണ് ഛോട്ടാ രാജൻ, നിലവിൽ തടവിൽ കഴിയുന്നത്. ജയിലിൽവെച്ചു രാജന് നേരെ ആക്രമണമുണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങളും വന്നിരുന്നു. രാജനുമായി ബന്ധപ്പെട്ടുള്ള യാതൊരു വിവരങ്ങളും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രമുഖ യൂനിയൻ നേതാവ് ഡോ. ദത്താ സാമന്തിനെ വെടിവെച്ച് കൊന്ന കേസിൽ കഴിഞ്ഞ വർഷം ഛോട്ടാ രാജനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതക ഗൂഢാലോചന കുറ്റമായിരുന്നു രാജനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എ.എം പാട്ടീൽ രാജനെ വെറുതെ വിടുകയായിരുന്നു.
1997 ജനുവരി 16നാണ് ദത്താ സാമന്ത് വെടിയേറ്റ് മരിച്ചത്. പവായിലെ ബംഗ്ലാവിൽനിന്ന് കാറിൽ പുറപ്പെട്ട സാമന്തിനെ വഴിയിൽ തടഞ്ഞ് നാലുപേർ വെടിയുതിർക്കുകയായിരുന്നു. ദത്താ സാമന്തിനു നേരെ നിറയൊഴിച്ച നാലുപേർക്ക് നേരത്തെ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.