വിദ്യാഭ്യാസം ഇല്ലാത്തവർ രാജ്യത്തിന് ഭാരം, നല്ല പൗരനാകാൻ കഴിയില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസം ഇല്ലാത്തവർ രാജ്യത്തിന് ഭാരമാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. നിരക്ഷരർക്ക് ഇന്ത്യയിലെ നല്ല പൗരൻമാരാകാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണരംഗത്ത് എത്തിയതിന്‍റെ 20ാം വാർഷികത്തോട് അനുബന്ധിച്ച് സൻസദ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'വിദ്യാഭ്യാസമില്ലാത്തൊരാൾ രാജ്യത്തിന് ഭാരമാണ്. അവർക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ അറിയില്ല. അവരിൽനിന്ന് പ്രതീക്ഷിക്കുന്ന കടമകൾ എന്താണെന്നും അറിയിച്ചു. ഇത്തരക്കാരെ എങ്ങനെ നല്ല പൗരൻമാരെന്ന് വിളിക്കാനാകും?' -അമിത് ഷാ ചോദിച്ചു.
'നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ആ സമയത്ത് പ്രധാനപ്രശ്നം സ്കൂളുകളിൽനിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കായിരുന്നു. ഒരു ഉത്സവം പോലെ അദ്ദേഹം എൻറോൾമെന്‍റ് പ്രക്രിയ ഏറ്റെടുക്കുകയും 100 ശതമാനമാകുകയും ചെയ്തു. മാതാപിതാക്കളുടെ സംഘടന രൂപീകരിച്ചു. ഒരു കുട്ടി സ്കൂളിൽ വന്നില്ലെങ്കിൽ അതിന്‍റെ കാരണം അന്വേഷിച്ചു. അധ്യാപകരുടെ ഉത്തരവാദിത്തം നിശ്ചയിച്ചു. ഇതിന്‍റെ ഫലമായി കൊഴിഞ്ഞുപോക്ക് 37 ശതമാനത്തിൽനിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞു' -അമിത് ഷാ പറഞ്ഞു.
തനിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
'മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഏത് യോഗത്തിലായാലും മോദിജി ആവശ്യത്തിന് മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേൾക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്‍റെ മൂല്യമാണ് പരിഗണിക്കുക. അല്ലാതെ, പറയുന്നയാളുടെ വ്യക്തിത്വത്തിന്റെ വലിപ്പച്ചെറുപ്പമല്ല. തുടർന്നാണ് തീരുമാനം എടുക്കുക. അതിനാൽ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തിൽ യാതൊരു കഴമ്പുമില്ല" -അമിത് ഷാ പറഞ്ഞു.
മോദി ഭരണരംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് എന്നും നിഴലായി കൂടെയുള്ള അമിത്ഷാ പ്രശംസ ചൊരിഞ്ഞത്. 'മോദിജി ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മന്ത്രിസഭയെ നയിക്കുന്നത്. അദ്ദേഹം ഏകപക്ഷീയമായി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ട്. പക്ഷേ യാഥാർഥ്യം അങ്ങനെയല്ല. അദ്ദേഹം എല്ലാ വിഷയങ്ങളും ചർച്ചചെയ്യുകയും എല്ലാവരേയും കേൾക്കുകയും ഗുണദോഷങ്ങൾ വിലയിരുത്തുകയും ചെയ്യും. അന്തിമ തീരുമാനം അദ്ദേഹത്തിേന്റതാണ്, കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്" -ഷാ വിശദീകരിച്ചു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സത്യം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.