'എന്‍റെ സഹോദരങ്ങളെ കേൾക്കാനാണ് ഞാൻ വന്നത്, മണിപ്പൂരിൽ സമാധാനം പുലരണം'
text_fieldsഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ കലാപബാധിത മേഖലയിലെ ക്യാമ്പുകൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്യാമ്പുകളിൽ അഭയം തേടിയ ജനങ്ങളുമായി രാഹുൽ സംസാരിച്ചു. മണിപ്പൂരിന് ആശ്വാസം നൽകണമെന്നും സമാധാനത്തിനാകണം ആദ്യ പരിഗണനയെന്നും രാഹുൽ പറഞ്ഞു. ചുരാചന്ദ്പൂരിലെ ഗ്രീൻവുഡ് ദുരിതാശ്വാസ ക്യാമ്പിലെത്തി രാഹുൽ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു. എല്ലാ വിഭാഗത്തിന്‍റെയും ദുരിതാശ്വാസ ക്യാമ്പിൽ രാഹുലെത്തി.
'എന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും കാണാനാണ് ഞാൻ വന്നത്. എല്ലാ വിഭാഗങ്ങളിലുമുള്ളവർ സ്നേഹത്തോടെ സ്വീകരണം നൽകി. സർക്കാർ എന്നെ തടയാൻ ശ്രമിച്ചത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിന് ആശ്വാസം നൽകണം. സമാധാനത്തിനാകണം ആദ്യ പരിഗണന' -ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനത്തിന് ശേഷം രാഹുൽ പറഞ്ഞു.
മണിപ്പൂരിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ രാഹുലിന്‍റെ വാഹനം നേരത്തെ പൊലീസ് തടഞ്ഞിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിഷ്ണുപൂരിൽ മണിക്കൂറുകളോളം തടഞ്ഞത്. എന്നാൽ, പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ ഹെലികോപ്ടറിൽ ചുരാചന്ദ്പൂരിലെത്തുകയായിരുന്നു. നാളെയും രാഹുൽ മണിപ്പൂരിലുണ്ട്.
സംസ്ഥാനത്ത് ഇനിയും അവസാനിക്കാത്ത കലാപത്തിന്‍റെ കെടുതികൾ അനുഭവിക്കുന്ന 50,000ഓളം പേർ 300 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. അക്രമത്തിൽ 100 ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.