കാണാതായ ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയോ? അജ്ഞാത ഫോൺ സന്ദേശം
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കാണാതായ സൈനികനെ ബന്ദിയാക്കിയതായി സംശയം. ബിജാപൂരിലെ ആക്രമണ സ്ഥലത്തുനിന്നാണ് 35കാരനായ രാകേശ്വർ സിങ് മാനാസ് എന്ന സി.ആർ.പി.എഫ് ജവാനെ കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താനായി സുരക്ഷാസേന വ്യാപക തെരച്ചിലിലാണ്.
ജവാൻ മാവോയിസ്റ്റുകളുടെ പിടിയിലാണെന്ന് അജ്ഞാത ഫോൺ സന്ദേശം പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ലഭിച്ചതായി സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. എന്നാൽ, ഇക്കാര്യം മാവോയിസ്റ്റുകൾ സ്ഥിരീകരിക്കുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ മറ്റ് വിലപേശലുകൾ നടത്തുകയോ ചെയ്തിട്ടില്ല.
സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കാണാതായ ജവാന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഭർത്താവിനെ സുരക്ഷിതമായി തിരികെയെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും രാകേശ്വറിന്‍റെ ഭാര്യ മീനു മാനാസ് അഭ്യർഥിച്ചു.
(കാണാതായ സൈനികന്‍റെ കുടുംബത്തെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോൾ)
22 ജവാന്മാരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബിജാപൂർ, സുക്മ ജില്ലകൾ അതിരു പങ്കിടുന്ന ടെറാം വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ചയാണ് ദക്ഷിണ ബസ്താൻ വനമേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് 2,000 പേരടങ്ങുന്ന സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ 12 മണിയോടെ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കുകയും 24 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടായിരുന്നു പ്രാഥമിക വിവരം. പിന്നീട് നടന്ന തെരച്ചിലിലാണ് കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കോബ്ര യൂനിറ്റ്, സി.ആർ.പി.എഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.