കുറഞ്ഞ പെൻഷൻ 10,000 രൂപ, അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ, കുടുംബ പെൻഷൻ; ‘ഏകീകൃത പെൻഷൻ പദ്ധതി’യുടെ പ്രത്യേകതകൾ ഇങ്ങനെ
text_fieldsന്യൂഡൽഹി: ‘ഏകീകൃത പെൻഷൻ പദ്ധതി’ (യു.പി.എസ്) എന്ന പേരിൽ കേന്ദ്ര ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപംനൽകിയിരിക്കുകയാണ്. 2025 ഏപ്രിൽ ഒന്നുമുതലാണ് പുതിയ പെൻഷൻ പദ്ധതി നിലവിൽ വരിക. ഇപ്പോഴുള്ള പെൻഷൻ പദ്ധതിയായ ‘എൻ.പി.എസി’ൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ തുടരാനുള്ള അവസരമുണ്ട്.
ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനും 10,000 രൂപ ചുരുങ്ങിയ പെൻഷനും കുടുംബ പെൻഷനും ഉറപ്പുനൽകുന്നതാണ് പുതിയ പെൻഷൻ പദ്ധതി. 25 വർഷം സേവനം പൂർത്തിയാക്കിയവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം പെൻഷൻ നൽകും. അതിലും കുറവ് സേവന കാലയളവുള്ളവർക്ക് അതിനാനുപാതികമായിരിക്കും പെൻഷൻ.
ജീവനക്കാരുടെ പെൻഷന്റെ 60 ശതമാനം കുടുംബ പെൻഷനായി നൽകും. അതായത്, പെൻഷൻ വാങ്ങുന്നവർ മരണപ്പെട്ടാൽ, ലഭിച്ചിരുന്ന തുകയുടെ 60 ശതമാനം ആശ്രിതർക്ക് കുടുംബ പെൻഷനായി ലഭിക്കും. 10 വർഷമെങ്കിലും സർവിസ് പൂർത്തിയാക്കിയവർക്ക് ചുരുങ്ങിയത് 10,000 രൂപയുടെ പെൻഷനും പദ്ധതി ഉറപ്പുനൽകുന്നു.
വിരമിക്കുമ്പോൾ ഗ്രാറ്റ്വിറ്റിക്കൊപ്പം ലംപ്സം തുക, വിലസൂചികക്ക് അനുസൃതമായ ഡി.എ വർധന എന്നിവ പുതിയ പദ്ധതിയുടെ സവിശേഷതകളാണ്. 23 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
ജീവനക്കാർ പുതിയ പെൻഷൻ പദ്ധതിയിലും വിഹിതം നൽകണം. പങ്കാളിത്ത പദ്ധതിയായ എൻ.പി.എസിലെ ജീവനക്കാരുടെ വിഹിതം 10 ശതമാനമായിരുന്നു. ഇത് യു.പി.എസിലും തുടരും. അതേസമയം, കേന്ദ്ര സർക്കാരിന്റെ വിഹിതം 14 ശതമാനമുണ്ടായിരുന്നത് 18.5% ആയി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.