ഏക സിവിൽകോഡ് മതസ്വാതന്ത്ര്യത്തിനെതിര് -ജംഇയ്യത് ഉലമായെ ഹിന്ദ്
text_fieldsന്യൂഡൽഹി: ഭരണഘടന വിഭാവനംചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ് ഏക സിവിൽകോഡെന്ന് ജംഇയ്യത് ഉലമായെ ഹിന്ദ് അഭിപ്രായപ്പെട്ടു. എന്നാൽ, ഏക സിവിൽ കോഡിനെതിരായ പോരാട്ടം തെരുവിലേക്ക് കൊണ്ടുപോകില്ലെന്നും നിയമപരിധിയിൽ സാധ്യമായ എല്ലാ രീതിയിലും എതിർക്കുമെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. വിഷയത്തിൽ നിയമകമീഷൻ അഭിപ്രായ രൂപവത്കരണം തുടങ്ങിയ സാഹചര്യത്തിലാണ് സംഘടനയുടെ പ്രതികരണം.
ഏക സിവിൽകോഡ് പൂർണമായും മതസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരാണെന്നും ഇവ രണ്ടും ഭരണഘടന ഉറപ്പുതരുന്നതാണെന്നും ജംഇയ്യത് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന മതനിരപേക്ഷമാണ്. ഓരോ പൗരനും പൂർണ മതസ്വാതന്ത്ര്യം അത് ഉറപ്പുതരുന്നു. ഓരോരുത്തർക്കും താൽപര്യമനുസരിച്ച് ഏതുമതവും തിരഞ്ഞെടുക്കുകയും ചെയ്യാം.
അത് മുഴുവൻ പൗരൻമാർക്കും പൂർണ സ്വാതന്ത്ര്യം നൽകുന്നു. ഏക സിവിൽകോഡ് മുസ്ലിംകൾക്ക് സ്വീകാര്യമല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും തടസ്സംനിൽക്കുന്നതാണ് ഏക സിവിൽകോഡ്. നിർദേശക തത്ത്വങ്ങളിൽ ഏക സിവിൽകോഡ് പരാമർശിക്കുന്നുണ്ടെങ്കിലും ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പുതരുന്നുണ്ട്.
ഏക സിവിൽകോഡ് ഇന്ത്യയെ സംബന്ധിച്ച് അസ്വാഭാവികവും രാജ്യത്തിന്റെ വൈജാത്യത്തിന് എതിരുമാണെന്ന് ആർ.എസ്.എസിന്റെ രണ്ടാമത്തെ സർസംഘ് ചാലക് ഗോൾവാൾക്കർപോലും പറഞ്ഞിട്ടുണ്ട്. ഭരണഘടനയെ ഇപ്പോൾ ചിലർ നിക്ഷിപ്ത താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയാണ്.
ജംഇയ്യത് (അർഷദ് മദനി വിഭാഗം) എക്സിക്യൂട്ടിവ് കമ്മിറ്റി ഏക സിവിൽകോഡിനെ എതിർത്ത് പ്രമേയവും പാസാക്കി. മുസ്ലിംകളെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണിതെന്ന് സംഘടന പ്രസിഡന്റ് മൗലാന അർഷദ് മദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.