ഏക സിവിൽ കോഡിൽ ബി.ജെ.പി അംഗത്തിന്റെ സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അനുമതി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനും ഇതിനായി ദേശീയ പരിശോധന - അന്വേഷണ സമിതി രൂപവത്കരിക്കാനും നിർദേശിക്കുന്ന ബില്ലുമായി ബി.ജെ.പി അംഗം രാജ്യസഭയിൽ.
കോൺഗ്രസിന്റെയടക്കം ഭൂരിഭാഗം പ്രതിപക്ഷ അംഗങ്ങളും സഭയിലില്ലാത്ത സമയത്ത് അവരുടെ ശക്തമായ എതിർപ്പ് വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകർ ബി.ജെ.പി അംഗം കിരോഡിലാൽ മീണക്ക് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകിയത്. കേരളത്തിലെ ഇരുമുന്നണികളിൽനിന്നുമുള്ള എളമരം കരീം, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, എ.എ റഹീം, പി.വി അബ്ദുൽ വഹാബ്, ജെബി മേത്തർ എന്നിവർ അവതരണത്തെ എതിർത്തും നാമനിർദേശം ചെയ്യപ്പെട്ട പി.ടി ഉഷ കേന്ദ്ര മന്ത്രി വി. മുരളീധരനൊപ്പം ബിൽ അവതരണത്തെ അനുകൂലിച്ചും വോട്ടുചെയ്തു. അംഗങ്ങൾ കൊണ്ടുവരുന്ന സ്വകാര്യ ബിൽ പാസാക്കി നിയമമാക്കാറില്ലെങ്കിലും രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിന് അന്തരീക്ഷം ഒരുക്കാനുള്ളതാണ് ബി.ജെ.പിയുടെ അപകടകരമായ നീക്കമെന്ന് പ്രതിപക്ഷ അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
ബിൽ അവതരണത്തിനുള്ള നടപടിക്രമവുമായി മുന്നോട്ടുപോകുകയാണെന്നും ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ അവസരം നൽകുമെന്നും പറഞ്ഞാണ് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകർ ഏക സിവിൽ കോഡ് സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ ബി.ജെ.പി അംഗത്തെ ക്ഷണിച്ചത്.
ഉടനെ പ്രതിപക്ഷ നിരയിൽനിന്ന് എതിർപ്പുയർന്നു. എന്നാൽ, മീണ ബിൽ അവതരിപ്പിച്ചപ്പോൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ ചട്ടക്കൂട് തകർക്കാനുള്ളതാണ് ബിൽ എന്ന് വിളിച്ചു പറഞ്ഞ് എം.ഡി.എം.കെ നേതാവ് വൈകോ അവതരണം തടസ്സപ്പെടുത്താൻ നോക്കി.
ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ അത് തന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കി ധൻകർ എം.പിമാരെ ഇരുത്തി. തുടർന്ന് എതിർപ്പുന്നയിച്ച അംഗങ്ങളെയും സംസാരിക്കാൻ അനുവദിച്ച ശേഷം വിവാദ ബിൽ അവതരണവുമായി രാജ്യസഭാ ചെയർമാൻ മുന്നോട്ടുപോകുകയായിരുന്നു. മീണ അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ പിന്നീട് ചർച്ച നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സഭയുടെ അജണ്ട എം.പിമാരുടെ സ്വകാര്യ ബിൽ അവതരണമായിരുന്നു. അവതരണത്തിനില്ലാത്ത എം.പിമാർ ഉച്ചയോടെ സഭ വിട്ട് നാട്ടിൽ പോകാറുണ്ട്.
കോൺഗ്രസ് അടക്കം മിക്ക പ്രതിപക്ഷ കക്ഷികളുടെയും രണ്ടോ മൂന്നോ എം.പിമാരൊഴിച്ച് മുതിർന്ന നേതാക്കളാരും തന്നെ സഭയിലുണ്ടായിരുന്നില്ല. ബി.ജെ.പി എം.പിമാരിൽ നല്ലൊരു ഭാഗവും സഭയിലിരിക്കുകയും ചെയ്തു. ഈ അവസരം നോക്കിയാണ് ബി.ജെ.പി അംഗം സ്വകാര്യ ബിൽ അവതരിപ്പിച്ചത്.
കോൺഗ്രസ് എം.പിമാർക്കെതിരെ സഭയിൽ പി.വി. വഹാബ്
ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പിയുടെ സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിക്കുേമ്പാൾ എതിർക്കാൻ കോൺഗ്രസ് എം.പിമാർ ഹാജരാകാത്തതിനെ മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബ് വിമർശിച്ചു. ബി.ജെ.പി എം.പിമാരോടുള്ള വൈകോയുടെ രോഷപ്രകടനത്തിന് ശേഷമായിരുന്നു കോൺഗ്രസുകാർ എതിർക്കാൻ വരാത്തതിലുള്ള വഹാബിന്റെ പരസ്യ വിമർശനം.വഹാബിന്റെ വിമർശനത്തിന് പിന്നാലെ കോൺഗ്രസ് എം.പിമാരായ ഹനുമന്തപ്പയും ജെബി മേത്തറും ഇംറാൻ പ്രതാപ്ഗഡിയും രാജ്യസഭയിൽ എത്തി ബില്ലിന് അനുമതി നൽകുന്നതിനെ എതിർത്തു സംസാരിച്ചു. എന്നിട്ടും രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ അവതരണാനുമതി നൽകാനായി വോട്ടിനിട്ടപ്പോൾ ബി.ജെ.പിയെ അനുകൂലിച്ച 63 പേരെ എതിർക്കാൻ 23 പേർ മാത്രമാണുണ്ടായിരുന്നത്. ബിൽ അവതരണത്തിനെതിരെ നോട്ടിസ് നൽകിയ വൈകോയുടെ രോഷപ്രകടനത്തിന് ശേഷമാണ് രണ്ടാമതായി നോട്ടിസ് നൽകിയ വഹാബിനെ സംസാരിക്കാൻ ജഗ്ദീപ് ധൻകർ ക്ഷണിച്ചത്.
ക്ഷുഭിതനായി വൈകോ; ഇരുത്താൻ പാടുപെട്ട് ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: ഏക സിവിൽകോഡ് ബിൽ അവതരണത്തിൽ ക്ഷുഭിതനായ തമിഴ്നാട്ടിൽനിന്നുള്ള എം.ഡി.എം.കെ നേതാവ് വൈകോയെ സഭയിലിരുത്താൻ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകർ പാടുപെട്ടു. ഇതടക്കം നിരവധി നാടകീയ രംഗങ്ങൾക്കും ബഹളത്തിനും സഭ സാക്ഷ്യം വഹിച്ചു. നിരവധി മതങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസ്കാരങ്ങളുമുള്ള നിരവധി ദേശീയതകൾ ചേർന്ന നാടാണിതെന്നും ഇന്ത്യ ഒരു ദേശീയതയല്ലെന്നും വൈകോ പറഞ്ഞപ്പോഴേക്കും ബി.ജെ.പി എം.പിമാർ എഴുന്നേറ്റ് എതിർത്തു. തന്റെ കാഴ്ചപ്പാടാണ് താൻ അവതരിപ്പിക്കുന്നതെന്നും പറഞ്ഞ് വൈകോ സംസാരം തുടർന്നു. 'രാജ്യസ്നേഹം നിങ്ങളുടെ കുത്തകയല്ല' എന്ന് ബി.ജെ.പി ബെഞ്ചിനെ ചൂണ്ടി വൈകോ വിളിച്ചുപറഞ്ഞു. 'നിങ്ങൾക്ക് ഭൂരിപക്ഷമുണ്ടായേക്കാം. മൃഗീയ ഭൂരിപക്ഷവുമായി എല്ലാം നശിപ്പിക്കാൻ നോക്കുകയാണ് നിങ്ങൾ' എന്നും ബി.ജെ.പി എം.പിമാരെ നോക്കി വൈകോ പറഞ്ഞതോടെ അവർ ബഹളവുമായി എഴുന്നേറ്റു. എങ്ങനെയാണ് ഇത്തരത്തിൽ സഭയിൽ സംസാരിക്കാനാകുക എന്ന് മന്ത്രിമാർ അടക്കമുള്ളവർ ചെയർമാനോട് വിളിച്ചുചോദിച്ചു. എന്നാൽ, ധൻകർ ഭരണപക്ഷത്തെ അടക്കിയിരുത്തി. നിരവധി തവണ കൊണ്ടുവരാൻ പരീക്ഷണം നടത്തിയ ബില്ലാണിതെന്നും ബി.ജെ.പി സുഹൃത്തുക്കൾ ഉണ്ടാക്കുന്ന ഒരു തരം പ്രകോപനമാണിതെന്നും മുസ്ലിം ലീഗ് അംഗം പി.വി. അബ്ദുൽ വഹാബ് കുറ്റപ്പെടുത്തി. നേരത്തെ ഈ ബിൽ വിളിക്കുമ്പോഴൊന്നും എം.പി ഹാജരാകാറുണ്ടായിരുന്നില്ലെന്നും ഏക സിവിൽ കോഡ് വിവാദ വിഷയമാണെന്നും സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീം വ്യക്തമാക്കി. നാനാത്വത്തിൽ ഏകത്വം എന്ന പൈതൃകം തകർക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ബില്ലിനെ എതിർത്ത ജെബി മേത്തർ പറഞ്ഞു. ബിൽ അടിസ്ഥാനപരമായി ഭരണഘടനക്കെതിരാണെന്നും സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങൾ ഇതിനകം വിഭജിച്ച ബി.ജെ.പി ഇനിയും ആ ഭിന്നിപ്പ് കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് ഡി.എം.കെ നേതാവ് തിരുച്ചി ശിവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.