ഏക സിവിൽ കോഡ്: എ.എ.പിയിൽ ഭിന്നത; ബി.ജെ.പിയുടെ വിഭജന അജണ്ടയെന്നും അംഗീകരിക്കില്ലെന്നും ഭഗവന്ത് മൻ
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയിലും ഭിന്നത. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ വിഭജന അജണ്ടയാണെന്നും അംഗീകരിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. ഏക സിവിൽ കോഡിന് തങ്ങൾ തത്വത്തിൽ അനുകൂലമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യസഭ എം.പിയുമായ സന്ദീപ് പഥക് പ്രസ്താവന നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഭഗവന്ത് മന്നിന്റെ അഭിപ്രായപ്രകടനം.
നമ്മുടെ രാജ്യം പല നിറത്തിൽ പൂക്കളുള്ള ഒരു പൂച്ചെണ്ട് പോലെയാണ്. എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും അവരുടേതായ സംസ്കാരവും ആചാരങ്ങളുമുണ്ട്. എന്തിനാണ് ആ പൂച്ചെണ്ടിൽ ഒരൊറ്റ നിറം മാത്രമാക്കി മാറ്റാൻ ശ്രമിക്കുന്നത്. എല്ലാവരുമായി സംസാരിച്ച് സമവായത്തിലെത്താനാണ് ശ്രമിക്കേണ്ടത്. ഭരണഘടന അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അവർ പറയുന്നു. സാമൂഹിക സമത്വം ഉണ്ടെങ്കിൽ മാത്രം ഏക സിവിൽകോഡ് നടപ്പാക്കണമെന്നാണ് ഭരണഘടന പറയുന്നത്. എല്ലാവരെയും സാമൂഹികമായി തുല്യരാക്കുമെന്നാണ് ഏക സിവിൽ കോഡിനെ പിന്തുണക്കുന്നവർ പറയുന്നത്. സാമൂഹികമായി നമ്മളെല്ലാം തുല്യരാണോയെന്നും ഭഗവന്ത് മാൻ ചോദിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പി ഏക സിവിൽ കോഡ് ചർച്ച ഉയർത്തിക്കൊണ്ടുവന്നത്. തങ്ങളുടേത് ഒരു മതേതര പാർട്ടിയാണ്. ഞങ്ങളുടെ ലക്ഷ്യം എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോവുകയും രാജ്യത്തെ ഒന്നാമതെത്തിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് നേരത്തെ ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. തങ്ങൾ തത്വത്തിൽ ഏക സിവിൽകോഡിന് അനുകൂലമാണ് എന്നായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞത്. ആർട്ടിക്കിൾ 44 രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണമെന്നാണ് പറയുന്നത്. പക്ഷേ മതനേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും വിപുലമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.